അരൂർ ​ഗർഡർ അപകടം; വാൻ ഡ്രൈവർ മരിച്ച സംഭവത്തിൽ അന്വേഷണം, 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

Published : Nov 13, 2025, 05:26 PM IST
girder accident

Synopsis

ഹരിപ്പാട് സ്വദേശിയായ രാജേഷിന്‍റെ മരണത്തില്‍ നിർമാണ കമ്പനിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. രാജേഷിന്‍റെ കുടുംബത്തിന് കരാർ കമ്പനി 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

ആലപ്പുഴ: ആലപ്പുഴ അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡറുകൾ നിലംപതിച്ച് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ച് ദേശീയപാത അതോറിറ്റി. ഹരിപ്പാട് സ്വദേശിയായ രാജേഷിന്‍റെ മരണത്തില്‍ നിർമാണ കമ്പനിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. രാജേഷിന്‍റെ കുടുംബത്തിന് കരാർ കമ്പനി 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ രാജേഷിന്‍റെ മൃതദേഹം ഏറ്റെടുക്കാമെന്ന് കുടുംബം അറിയിച്ചു. മറ്റൊരാൾക്കും ഈ ഗതി വരരുതെന്നും മരിച്ച രാജേഷിന്‍റെ കുടുംബം പ്രതികരിച്ചു. അതേസമയം, സാധാരണ റോഡ് അടച്ചിട്ടാണ് പണി നടത്താറെന്നും ഇന്നലെ എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നുമാണ് കരാർ കമ്പനി പറയുന്നത്.

ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെ ജാക്കി തെന്നിമാറിയായിരുന്നു അപകടം. മൂന്ന് മണിയോടെ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. എന്നാൽ പിക് അപ് വാനിന് മുകളിൽ വീണ 80-90 ടൺ ഭാരമുള്ള ഗർഡറുകൾ മാറ്റാതെ ആദ്യ മൂന്ന് മണിക്കൂർ പൊലീസിനും ഫയർ ഫോഴ്സിനും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. നിർമ്മാണപ്രവർത്തികൾക്കായി എത്തിച്ച ക്രെയിൻ ഉപയോഗിച്ച്‌ ആറരയോടെ ഭീമൻ ഗർഡറുകൾ ഉയർത്തി. മറ്റൊരു ക്രെയിൻ ഉപയോഗിച്ച്‌ പിക് അപ് വാൻ പുറത്തേക്ക് എടുത്തു. വാഹനം വെട്ടി പൊളിച്ചാണ് ഡ്രൈവർ രാജേഷിനെ പുറത്ത് എടുത്തത്. അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു.പ ള്ളിപ്പാട് ഓട്ടോ ഡ്രൈവർ ആയ രാജേഷ് സ്ഥിരം ഡ്രൈവർ ഇല്ലാത്തപ്പോഴാണ് ലോഡ് എടുക്കാൻ പിക്ക് വാനിൽ പോകാറുള്ളത്. തമിഴ്നാട്ടിൽ നിന്ന് കോഴിമുട്ട എടുത്ത് എറണാകുളത്ത് എത്തിച്ചശേഷം ആലപ്പുഴയ്ക്ക് മടങ്ങുമ്പോഴായിരുന്നു ഈ അപകടം.

അതേസമയം, ദുരന്തത്തിൽ വിശദമായ അന്വേഷണത്തിന് വിദഗ്ധസമിതിയെ നിയോഗിച്ചതായി ദേശീയപാതാ അതോറിറ്റി അറിയിച്ചു. സമിതി ഇന്ന് തന്നെ പ്രാഥമിക പരിശോധന നടത്തും. ഈ റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കും. ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി സംസാരിച്ചെന്ന് കെ സി വേണുഗോപാൽ എംപി അറിയിച്ചു. ഉദ്യോഗസ്ഥരെ അങ്ങോട്ട് ഉടൻ അയക്കുമെന്നും ഉന്നതതല അന്വേഷണം നടത്തുമെന്ന് ഉറപ്പ് നൽകിയതായും കെ സി പറഞ്ഞു. സംഭവത്തിൽ ഗഡ്കരി ക്ഷമ ചോദിച്ചെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു. രാജേഷിന്റെ മരണത്തിന് ഉത്തരവാദി ഉത്തരവാദി നിർമാണ കമ്പനിയും സർക്കാരും എന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. രാജേഷിന്റെ മകന് സർക്കാർ ജോലി നൽകണമെന്നും ചെന്നിത്തല നിര്‍ദ്ദേശിച്ചു.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കൊല്ലം ജില്ലാ പൊലീസ് മേധാവി
രാജ്യത്തെ സമ്പന്നമായ 10 ജില്ലകൾ, മുംബൈയെയും അഹമ്മദിബാ​ദിനെയും പിന്തള്ളി അപ്രതീക്ഷിത ന​ഗരം, കേരളത്തിൽ നിന്ന് ആരുമില്ല