
ആലപ്പുഴ: അരൂർ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവമാക്കി മുന്നണികൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയ മേൽക്കൈ നിലനിർത്തുകയാണ് യുഡിഎഫിന് മുന്നിലുള്ള വെല്ലുവിളി. മണ്ഡലം കൈവിട്ടു പോകാതിരിക്കാനുള്ള അഭിമാനപോരാട്ടമാണ് എൽഡിഎഫിന്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ നേടിയ 648 വോട്ടിന്‍റെ ഭൂരിപക്ഷം മാത്രമാണ് യുഡിഎഫിന് അരൂർ നിയമസഭാ മണ്ഡലത്തിൽ ഇപ്പോഴുള്ള മേൽക്കൈ. പരമ്പാരാഗത യുഡിഎഫ് മണ്ഡലമായിരുന്ന അരൂർ എംഎ ആരിഫിലൂടെ എൽഡിഎഫ് കാത്തുസൂക്ഷിച്ചു.
ഓരോ തവണയും ഭൂരിപക്ഷം വർധിപ്പിച്ച ഇടതിന് അനുകൂല മണ്ഡലമാക്കി ആരിഫ് മാറ്റി. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പോടെ സാഹചര്യം മാറിയെന്ന് വിശ്വസിക്കാനാണ് യുഡിഎഫിന് ഇഷ്ടം. ഷാനിമോൾ ഉസ്മാനെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന വികാരം ഒരു വിഭാഗം നേതാക്കൾക്കുണ്ട്. എഎ ഷുക്കൂർ, ഡിസിസി പ്രസിഡന്‍റ് എം ലിജു എന്നീ പേരുകളും സജീവമായി പരിഗണിക്കുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായിരുന്ന രാഷ്ട്രീയ കാലാവസ്ഥ മാറി. അരൂർ നിലനിർത്തുമെന്ന പ്രതീക്ഷയാണ് എൽഡിഎഫിന്. എന്നാൽ ആരിഫിനോളം ജനകീയനായ സ്ഥാനാർത്ഥിയെ കണ്ടെത്തുക വെല്ലുവിളിയാണ്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സിബി ചന്ദ്രബാബു, മത്സ്യഫെഡ് ചെയർമാൻ പിപി ചിത്തരഞ്ജൻ, ഡിവൈഎഫ്ഐ നേതാവ് മനു സി. പുളിക്കൽ എന്നീ പേരുകൾ എൽഡിഎഫ് പരിഗണിക്കുന്നു. ഉപതെരഞ്ഞെടുപ്പിനുള്ള ബൂത്ത് തല പ്രവർത്തനങ്ങൾ ഇടതുമുന്നണി പൂർത്തിയാക്കികഴിഞ്ഞു.
എൻഡിഎയിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീമായില്ലെങ്കിലും ബിഡിജെഎസ് സീറ്റിന് അവകാശവാദം ഉന്നിയിച്ചിട്ടുണ്ട്. ബിഡിജെഎസ് സ്ഥാനാർത്ഥി കളത്തിലിറങ്ങിയാൽ ഇടത് വലത് മുന്നികളുടെ ജയപരാജയത്തെ പോലും നിർണ്ണയിക്കാൻ കഴിയുന്ന സാമുദായിക ഘടകങ്ങളുള്ള മണ്ഡലമാണ് കൂടിയാണ് അരൂർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam