പാലക്കാട്ടെ വിവാദം തണുപ്പിക്കാൻ ഡിവൈഎഫ്ഐ നേതൃത്വം; വനിതാനേതാവിന്‍റെ രാജി തൽക്കാലം സ്വീകരിക്കില്ല

By Web TeamFirst Published Jun 18, 2019, 6:26 AM IST
Highlights

യുവതി കത്തിൽ ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ജില്ലാ കമ്മറ്റി തീരുമാനിച്ചിട്ടുള്ളത്. മുതിർന്ന നേതാക്കൾ അനുനയ നീക്കങ്ങളും നടത്തുന്നുണ്ട്‌. അടുത്ത ആഴ്ച്ച ചേരുന്ന ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിക്ക് ശേഷമേ ഇക്കാര്യം ജില്ലാ കമ്മറ്റി ചർച്ച ചെയ്യൂ.

പാലക്കാട്: പി കെ ശശിക്കെതിരെ പരാതി നൽകിയ ഡിവൈഎഫ്ഐ വനിതാ നേതാവിന്‍റെ രാജി തൽക്കാലം സ്വീകരിക്കേണ്ടന്ന നിലപാടിൽ ജില്ലാ നേതൃത്വം. യുവതി നൽകിയ കത്തിലെ ആരോപണങ്ങൾ ചർച്ച ചെയ്തതിനു ശേഷം മതി തുടർ നടപടി എന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ തീരുമാനം.

പി കെ ശശിക്കെതിരെ പരാതി നൽകിയതിനു പിന്തുണച്ച ജില്ലാ സെക്രട്ടറിയേറ്റംഗത്തെ തരം താഴ്ത്തിയതിൽ പ്രതിഷേധിച്ചതാണ് ജില്ലാ കമ്മറ്റിയംഗമായ വനിതാ നേതാവ് നേതൃസ്ഥാനം ഒഴിയുന്നതായി അറിയിച്ച് കത്ത് നൽകിയത്. നിലവിലെ രീതികളുമായി പൊരുത്തപ്പെട്ട് പോകാൻ പറ്റില്ല എന്നും ഇവർ നിലപാടെടുത്തിരുന്നു. 

സംഭവം വിവാദമായതോടെ യുവതിയുടെ രാജി ഇപ്പോൾ സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം. കത്തിൽ ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ജില്ലാ കമ്മറ്റി തീരുമാനിച്ചിട്ടുള്ളത്. മുതിർന്ന നേതാക്കൾ അനുനയ നീക്കങ്ങളും നടത്തുന്നുണ്ട്‌. എന്നാൽ അടുത്ത ആഴ്ച്ച ചേരുന്ന ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിക്ക് ശേഷമേ ഇക്കാര്യം ജില്ലാ കമ്മറ്റി ചർച്ച ചെയ്യൂ. പ്രശ്നത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലും അംഗീകാരവും ജില്ലാ നേതൃത്വത്തിനു വേണം. പ്രധാന അജണ്ടയായി ഉൾപ്പെടുത്തി ചർച്ച ചെയ്യാനും നിലവിൽ ജില്ലാ നേതൃത്വത്തിന് താല്പര്യമില്ല. 

യുവതി ഉന്നയിച്ച വിഷയങ്ങളിൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം. യുവതിയെ പിന്തുണച്ച നേതാവിനെ വീണ്ടും ജില്ലാ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താൻ കഴിയില്ല. അതുകൊണ്ടുതന്നെ പേരിനു ചർച്ച ചെയ്ത് പ്രശ്നം അവസാനിപ്പിക്കാനാണ് സാധ്യത.

പ്രശ്നത്തിൽ വീണ്ടും സംസ്ഥാന കമ്മറ്റിക്ക് പരാതി നൽകുന്ന കാര്യമോ നിയമ നടപടിക്ക് ഒരുങ്ങുന്ന കാര്യമോ തൽക്കാലം പരിഗണനയിലില്ലെന്നാണ് യുവതി പറയുന്നത്.

click me!