
തിരുവന്തപുരം: സാമ്പത്തിക വര്‍ഷാവസാനത്തിലെ ചെലവുകള്‍ക്ക് പണം കണ്ടെത്താൻ വഴികള്‍ തേടി ധനവകുപ്പ്. ബാങ്ക് അക്കൗണ്ടുകളിൽ ഇട്ടിരിക്കുന്ന പണം ട്രഷറിയിലേയ്ക്ക് മാറ്റാൻ വകുപ്പുകളോട് നിര്‍ദ്ദേശിച്ചു. ബില്ലുകളെല്ലാം മാറുന്നതിനടക്കം 29,000 കോടിയോളം രൂപ വേണമെന്നാണ് കണക്കുകൂട്ടൽ. സാമ്പത്തിക വര്‍ഷാവസാനത്തിൽ ബില്ലുകളെല്ലാം മാറണം. വിരമിക്കൽ അനൂകൂല്യം കൊടുക്കാനും വേണം പണം.
എന്നാൽ ട്രഷറി ഞെരുക്കത്തിലാണ്. കടമെടുക്കലും നികുതിപ്പണം മുന്‍കൂര്‍ വാങ്ങലുമാണ് ഖജനാവിൽ പണമെത്താനുള്ള വഴി. 12000 കോടി രൂപയുടെ വായ്പയ്ക്ക് അര്‍ഹതയുണ്ടെന്ന് സംസ്ഥാന വാദിച്ചെങ്കിലും കേന്ദ്രം അനുവദിച്ചത് 5990 കോടി രൂപ മാത്രമാണ്. വൈദ്യുതി മേഖലയിലെ പരിഷ്കരണത്തിന്‍റെ പേരിൽ കിട്ടാവുന്ന ആറായിരം കോടിക്ക് ഉടൻ കിട്ടുമെന്നാണ് പ്രതീക്ഷ.
പങ്കാളിത്ത പെൻഷന് സമാഹരിച്ച തുകയിൽ നിന്ന് എടുക്കാവുന്ന പരമാവധി വായ്പ 2000 കോടിയും ട്രഷറിയിലെത്തിക്കും. കെഎസ്എഫ്ഇ അടക്കം ധനകാര്യ സ്ഥാനപനങ്ങളും പണം ചോദിച്ചിട്ടുണ്ട്. എണ്ണ കമ്പനികളോടും ബിവറേജസ് കോര്‍പറേഷനോടും എല്ലാം നികുതിപ്പണം മുൻകൂര്‍ നൽകാനും ആവശ്യപ്പെട്ടു. കടമെടുപ്പ് പരിധിയിൽ ബാക്കിയുള്ള പണം കൂടി എടുക്കാനായാൽ വര്‍ഷാന്ത്യ ചെലവിനുള്ള തുകയാകുമെന്നാണ് ധനവകുപ്പ് കണക്കുകൂട്ടൽ. ബില്ലുകളൊന്നും മടക്കില്ലെന്നുമാണ് വകുപ്പ് ഉറപ്പ് നൽകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം