സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഓട്ടോയിലെത്തിയ രണ്ട് പേർ അകത്തേക്ക് പോകുന്നത് വലിയ കൂടുകളുമായി വരുന്നതും കാണാം.
ഹൈദരാബാദ്: അസാധാരണമായ ഒരു മോഷണത്തിന്റെ ഞെട്ടലിലാണ് ഹൈദരാബാദ് മൂസറാമ്പാഗ് ഈസ്റ്റ് പ്രശാന്ത് നഗറിലെ താമസക്കാർ. അവിശ്വസനീയമായ രീതിയിൽ ചെരുപ്പുകളും ഷൂസുകളും മോഷ്ടിക്കപ്പെട്ടതിന്റെ അങ്കലാപ്പിലാണ് ഇവർ. മാർച്ച് 13ന് പുലർച്ചെ മൂന്ന് മണിയോടെ, മൈക്രോ ഹെൽത്ത് ഉൾപ്പെടെ നാല് അപ്പാർട്ടുമെന്റുകൾ ലക്ഷ്യമിട്ടാണ് മോഷ്ടാക്കൾ എത്തിയത്. വീടുകൾക്ക് പുറത്തുനിന്നും ചെരുപ്പുകളും ഷൂസുകളും മോഷ്ടിച്ച് ഇവർ കടന്നു കളഞ്ഞു. മോഷണത്തിന് ഇരയായവരിൽ ഒരു പൊലീസ് ഇൻസ്പെക്ടറും ഒരു വനിതാ സബ് ഇൻസ്പെക്ടറും ഉൾപ്പെടുന്നു. അവരുടെ ചെരുപ്പുകളും ഷൂസുകളും മോഷ്ടിക്കപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഓട്ടോയിലെത്തിയ രണ്ട് പേർ അകത്തേക്ക് പോകുന്നത് വലിയ കൂടുകളുമായി വരുന്നതും കാണാം.
അതേസമയം, ബംഗളുരുവിലെ ഒരു ഗോഡൗണിൽ നിന്ന് 830 കിലോഗ്രാം മുടി നഷ്ടപ്പെട്ടതായി പരാതി ഉയർന്നിരുന്നു. രാത്രി ഒരുസംഘം ആളുകളെത്തി പൂട്ട് തകർത്ത് നടത്തിയ മോഷണത്തിൽ ഒരു കോടി രൂപ വിലവരുന്ന മുടിയാണ് നഷ്ടമായതെന്ന് വ്യാപാരി പൊലീസിനോട് പറഞ്ഞു. നോർത്ത് ബംഗളുരുവിലെ ലക്ഷ്മിപുര ക്രോസിലാണ് സംഭവം. മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.
മുടിയുടെ മൊത്തവ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന കെ വെങ്കടസ്വാമി എന്നയാൾ ഫെബ്രുവരി 12നാണ് ഹെബ്ബാളിൽ നിന്ന് ലക്ഷ്മിപുര ക്രോസിലേക്ക് തന്റെ ഗോഡൗൺ മാറ്റിയത്. കെട്ടിടത്തിന്റെ ബേസ്മെന്റിൽ പ്രവർത്തിച്ചിരുന്ന ഗോഡൗണിൽ 27 ബാഗുകളിലായി 830 കിലോ മനുഷ്യ മുടി സൂക്ഷിച്ചിരുന്നു. 28ന് അർദ്ധരാത്രി ഒരു ബലോറോ കാർ ഗോഡൗണിന് മുന്നിൽ എത്തുന്നത് സിസിടിവിയിൽ കാണാം. ഇവർ പുറത്തിറങ്ങി ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് ലോക്ക് തകർത്ത ശേഷം വാഹനത്തിൽ എടുത്തുവെച്ച് വേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു.
