
കോഴിക്കോട് : കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ വീണ്ടും പ്രതിസന്ധി. കുടിശ്ശിക കിട്ടിയില്ലെങ്കിൽ പദ്ധതിയിൽ നിന്ന് പിന്മാറേണ്ടി വരുമെന്ന് കാണിച്ച് സ്വകാര്യ ആശുപത്രികൾ ആരോഗ്യവകുപ്പിന് കത്തയച്ചു. കാരുണ്യ പദ്ധതി പ്രകാരം ചികിത്സ നൽകിയ സ്വകാര്യ ആശുപത്രികൾക്ക് സർക്കാരിൽ നിന്നും കിട്ടാനുള്ളത് കോടികളാണ്. തുക കുടിശ്ശികയായതോടെ ചികിത്സ തുടരാനാകില്ലെന്ന നിലപാടുകളാണ് പല സ്വകാര്യ ആശുപത്രികളും രോഗികളോട് സ്വീകരിക്കുന്നത്. വൻ കുടിശ്ശിക ദൈനംദിന പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചെന്നും അതിനാൽ കുടിശ്ശിക ലഭിക്കാതെ, ചികിത്സ പൂര്‍ത്തിയാക്കാൻ കഴിയില്ലെന്നും ആശുപത്രി അധികൃതർ നിലപാടെടുക്കുന്നു. ഇതോടെ പലരുടെയും ചികിത്സ മുടങ്ങുന്ന സ്ഥിതിയാണ്.
സ്വകാര്യ ആശുപത്രികളുടെ അവസ്ഥ മാത്രമല്ല. സര്‍ക്കാര്‍ ആശുപത്രികളിലെയും സ്ഥിതി സമാനമാണ്. മൊത്തം കാരുണ്യ പദ്ധതി വഴി സംസ്ഥാനത്തെ സർക്കാർ -സ്വകാര്യ ആശുപത്രികൾക്ക് 800 കോടി കുടിശ്ശികയുണ്ടെന്നാണ് കണക്ക്. കോഴിക്കോട് മെഡിക്കൽ കോളേജിന് 2020 ജൂലൈ മുതൽ ഇതുവരെ കാരുണ്യ പദ്ധതി വഴി കിട്ടാനുളളത് 83 കോടിരൂപയാണ്. കോട്ടയം മെഡിക്കൽ കോളേജിലും സമാന സ്ഥിതിയാണ്. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് 5 കോടി രൂപയാണ് കുടിശ്ശിക. കോടികൾ കുടിശ്ശികയായതോടെ, പലയിടത്തും സ്റ്റെന്‍റ് വിതരണമുൾപ്പെടെ പല കമ്പനികളും നിർത്തിവച്ചു.
കേന്ദ്രവിഹിതം കിട്ടാത്തതും സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കവുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. കേന്ദ്ര-സംസ്ഥാന ഫണ്ടുപയോഗിച്ചാണ് കാപ്സ് പദ്ധതി. ഇതിൽ അറുപത് ശതമാനവും നൽകേണ്ടത് കേന്ദ്രമാണെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. പദ്ധതി വഴി കഴിഞ്ഞ വർഷം 1662 കോടി ബാധ്യതയുണ്ടെന്നിരിക്കെ, 138 കോടിരൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചതെന്നും ആരോഗ്യവകുപ്പ് പറയുന്നു. സംസ്ഥാനത്തെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ കുടിശ്ശിക കൊടുത്ത് തീര്‍ക്കുന്നതിൽ തിരിച്ചടിയായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam