ഏരിയാ കമ്മിറ്റി ഓഫീസിന്റെ നിർമ്മാണ ഫണ്ടിലും കയ്യിട്ട് വാരി; പികെ ശശിയോട് വിശദീകരണം തേടും, നടപടി

By Web TeamFirst Published Jun 8, 2023, 10:47 AM IST
Highlights

ശശിക്കെതിരെ അന്വേഷണ കമ്മീഷൻ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകളാണ്. ഇന്നലെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പികെ ശശി പങ്കെടുത്തിരുന്നില്ല. ചെന്നൈയിലേക്ക് പോകുന്നുവെന്നാണ് പികെ ശശി പാർട്ടി ജില്ലാ നേതൃത്വത്തെ അറിയിച്ചത്. 

പാലക്കാട്: പാർട്ടി ഫണ്ട് തിരിമറിയിൽ സിപിഎം നേതാവ് പി കെ ശശിയോട് പാർട്ടി വിശദീകരണം തേടും. ശശിയുടെ വിശദീകരണം കിട്ടിയ ശേഷമായിരിക്കും നടപടിയെടുക്കുക. ശശിക്കെതിരെ അന്വേഷണ കമ്മീഷൻ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകളാണ്. ഇന്നലെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പികെ ശശി പങ്കെടുത്തിരുന്നില്ല. ചെന്നൈയിലേക്ക് പോകുന്നുവെന്നാണ് പികെ ശശി പാർട്ടി ജില്ലാ നേതൃത്വത്തെ അറിയിച്ചത്. 

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗം പുത്തലത്ത് ദിനേശനാണ് പികെ ശശിക്കെതിരായ പരാതികൾ അന്വേഷിച്ചത്. മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റികളിൽ നിന്നാണ് പ്രധാനമായും പരാതികൾ ഉയർന്നത്. പാർട്ടി അറിയാതെ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിന്ന് വൻതുക പല കാര്യങ്ങൾക്കായി ശശി വകമാറ്റിയെന്നായിരുന്നു പ്രധാനപ്പെട്ട പരാതി. സ്വന്തം അക്കൗണ്ടിലേക്ക് ശശി മാറ്റിയെന്ന് പരാതിയിൽ പറയുന്നു. ഏരിയാ കമ്മിറ്റി ഓഫീസിന്റെ നിർമ്മാണ ഫണ്ടിലും ശശി കൈ കടത്തിയെന്നും ഇതിന്റെ തെളിവുകളോടെ പരാതി നൽകിയിരുന്നു. പികെ ശശി,വികെ ചന്ദ്രൻ,സികെ ചാമുണ്ണി എന്നീ നേതാക്കൾക്കെതിരെയാണ് വിഭാ​ഗീയതയുമായി ബന്ധപ്പെട്ടുള്ള വിമർശനം ഉയർന്നത്. വിഭാ​ഗീയതയിൽ ഇവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന്റെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി യോ​ഗം ഇന്ന് നടക്കുന്നുണ്ട്. 

സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് യോഗം തുടങ്ങി: പി.കെ. ശശിക്കെതിരെ നടപടിക്ക് സാധ്യത, വിട്ടുനിന്ന് ശശി

വിഭാഗീയത ചർച്ച ചെയ്യാൻ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ പി കെ ശശിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി.കെ ശശിയും വി.കെ ചന്ദ്രനുമാണ് വിഭാഗീയതയ്ക്ക് നേതൃത്വം നൽകുന്നതെന്നാണ് വിമർശനം ഉയർന്നത്. വിഭാഗീയ പ്രവർത്തനം വെച്ചു പൊറുപ്പിക്കില്ലെന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ യോഗത്തിൽ താക്കീത് നൽകി. വിഭാഗീയത രൂക്ഷമായ ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റി പുനസംഘടിപ്പിക്കാനും യോഗം തീരുമാനിക്കുകയായിരുന്നു.

നടപടിയെടുത്തെങ്കിലും പി.കെ. ശശിയെ കൈവിടാതെ സിപിഎം

click me!