
തിരുവനന്തപുരം: ക്രൈസ്തവർക്കെതിരെ കടുത്ത വിമർശനവുമായി ആർഎസ്എസ് മുഖവാരിക കേസരിയിൽ ലേഖനം. ക്രൈസ്തവ രാജ്യം സ്ഥാപിക്കാൻ അടക്കം ശ്രമമുണ്ടെന്നാണ് ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ എസ് ബിജുവിന്‍റെ ലേഖനത്തിലെ ആരോപണം. ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിർത്താൻ സംസ്ഥാന ബിജെപി കിണഞ്ഞു ശ്രമിക്കുമ്പോഴാണ് കേസരിയിലെ രൂക്ഷമായ കടന്നാക്രമണം. ഛത്തീസ് ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിന്‍റെ പശ്ചാത്തലത്തിലെ ലേഖനത്തിലാണ് ക്രൈസ്തവ സഭക്കും സഭാനേതൃത്വത്തിനുമെതിരായ കടുത്ത ആരോപണങ്ങളും വിമർശനങ്ങളും. രാജ്യത്തെ നിയമസംഹിത മാറ്റി മതപരിവർത്തനിനുള്ള ശ്രമങ്ങളാണ് വിവിധ സംസ്ഥാനങ്ങളിൽ അരങ്ങേറുന്നതെന്നാണ് വിമർശനം. ആഗോള മതപരിവർത്തനത്തിന്‍റെ നാൾവഴികൾ എന്ന പേരിലാണ് ഹിന്ദുഐക്യ വേദി സംസ്ഥാന പ്രസിഡന്‍റ് ഇഎസ് ബിജുവിൻറെ ലേഖനം. ഛത്തീസ് ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റ് അവിടുത്തെ നിയമപ്രകാരമെന്ന് വിശദീകരിക്കുന്ന ലേഖനം, അറസ്റ്റ് ന്യൂനപക്ഷ പീഡനമാണെന്ന് പറഞ്ഞ് തെരുവിലിറങ്ങി ഭൂരിപക്ഷ സമൂഹത്തെ വെല്ലുവിളിക്കുന്നുവെന്ന് ആരോപിക്കുന്നു.
മതസംഘർഷത്തിന് ശ്രമിക്കുന്ന ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നാണ് വിമർശനം. ക്രൈസ്തവ രാജ്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്, ജോസഫ് മാഷിന്‍റെ കൈവെട്ടിയപ്പോഴും സിസ്റ്റർ അഭയയുടെ കൊലപാതകത്തിലും സഭാനേതൃത്വം പ്രതിഷേധിച്ചില്ലെന്നും വിമർശനമുണ്ട്. കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിജെപിക്കും ഹിന്ദുഐക്യവേദിക്കും നേരത്തെയും രണ്ട് നിലപാടായിരുന്നു. അതിവേഗം മോചനത്തിനായി ബിജെപി ഇടപെട്ടപ്പോൾ അത്ര ആവേശം എന്തിനെന്നായിരുന്നു ഹൈന്ദവസംഘടനകളുടെ നിലപാട്. അതിന്‍റെ തുടർച്ചയായാണ് ലേഖനം. സഭാനേതൃത്വത്തെ ഒപ്പം നിർത്താൻ രാജീവ് ചന്ദ്രശേഖറിൻന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രത്യേക ഔട്ട് റീച്ച് യോഗം വരെ നടത്തിയിരുന്നു. ഭൂരിപക്ഷസമുദായത്തെക്കാൾ ബിജപി നനേതൃത്വം ക്രൈസ്തവ വിഭാദങ്ങൾക്ക് അമിത പ്രാധാന്യം നൽക്കുന്നുണ്ടെന്ന വിമർശനം ഹിന്ദുഐക്യവേദിക്കുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam