
ഫ്ലോറിഡ: സമുദ്രത്തിലേക്ക് പോകുന്നതിന് പകരം കൃത്രിമ വെളിച്ചം കണ്ട് റോഡിലേക്ക് ഇഴഞ്ഞുനീങ്ങിയ 55 കടലാമക്കുഞ്ഞുങ്ങൾ ചത്തു. യുഎസിലെ ഫ്ലോറിഡയിലുള്ള 'അന്ന മരിയ ഐലൻഡ്' തീരത്താണ് ദാരുണമായ സംഭവം നടന്നത്. വിരിഞ്ഞിറങ്ങിയ ഉടൻ കടലിലെ പ്രകാശ പ്രതിഫലനം നോക്കി സഞ്ചരിക്കേണ്ട ലോഗർഹെഡ് ഇനത്തിൽപ്പെട്ട കടലാമക്കുഞ്ഞുങ്ങളാണ് അപകടത്തിൽപ്പെട്ടത്. സമീപത്തെ വീടുകളിൽ നിന്നും വ്യവസായ സ്ഥാപനങ്ങളിൽ നിന്നുമുള്ള കൃത്രിമ വെളിച്ചം കണ്ട കടലാമക്കുഞ്ഞുങ്ങൾ ദിശ തെറ്റി തീരത്തോട് ചേർന്നുള്ള 'ഗൾഫ് ഡ്രൈവ്' റോഡിലേക്ക് ഇഴഞ്ഞുനീങ്ങുകയായിരുന്നു. തുടർന്ന് റോഡിലൂടെ പോയ വാഹനങ്ങൾ തട്ടിയാണ് 55 കുഞ്ഞുങ്ങളും ചത്തത്.
'അന്ന മരിയ ഐലൻഡ് ടർട്ടിൽ വാച്ച് ആൻഡ് ഷോർബേർഡ് മോണിറ്ററിംഗ്' സംഘമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ 28 വർഷത്തെ സേവനത്തിനിടയിൽ ഇത്രയധികം ആമക്കുഞ്ഞുങ്ങൾ ഒറ്റയടിക്ക് ചത്തുപൊന്തുന്ന സംഭവം ആദ്യമായിട്ടാണ് കാണുന്നതെന്ന് സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ക്രിസ്റ്റൻ മസറെല്ല പറഞ്ഞു. രാത്രികാലങ്ങളിൽ തീരപ്രദേശങ്ങളിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും പുറത്തെ വെളിച്ചം അണയ്ക്കണമെന്നും വിൻഡോ ബ്ലൈൻഡുകൾ അടച്ചിടണമെന്നും പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു. മഞ്ഞ അല്ലെങ്കിൽ ചുവപ്പ് നിറത്തിലുള്ള വെളിച്ചം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. തീരദേശങ്ങളിൽ ലൈറ്റ് പൊല്യൂഷന് നിയന്ത്രണം കർശനമാക്കണമെന്നും നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ പിഴയടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam