കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എസി മൊയ്തീൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ വിടുതൽ ഹർജി നൽകി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് നേതാക്കളുടെ വാദം. എന്നാൽ ബാങ്ക് തട്ടിപ്പിലെ പണം പാർട്ടി ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ഹർജിയെ എതിർക്കാനാണ് ഇഡിയുടെ തീരുമാനം.
കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ വിടുതൽ ഹർജിയുമായി സിപിഎം നേതാക്കൾ. കേസിൽ നിന്ന് ഒഴിവാക്കണമെന്ന് കാട്ടി എസി മൊയ്തീനും എംഎം വർഗീസും കെ രാധാകൃഷ്ണനും ഹർജി നൽകി. കേസ് രാഷ്ട്രീയ പ്രേരിതമെന്ന വാദമുയർത്തിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. എന്നാൽ ഹർജിയെ എതിർക്കാനാണ് ഇഡി നിശ്ചയിച്ചിരിക്കുന്നത്. ബാങ്ക് തട്ടിപ്പിലൂടെ നേടിയ പണം പാർട്ടി ഓഫീസ് പണിയാൻ ഉപയോഗിച്ചെന്ന് അന്വേഷണസംഘം കുറ്റപ്പെടുത്തുന്നു.
കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട 180 കോടിരൂപയുടെ കള്ളപ്പണ ഇടപാട് കേസിൽ 83 പ്രതികൾക്കെതിരെ പ്രഥമ ദൃഷ്ട്ടിയാൽ തെളിവുണ്ടെന്ന് കലൂർ പിഎംഎൽഎ കോടതി കണ്ടെത്തിയിരുന്നു. കേസിൽ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെയാണ് ജില്ലാ സെക്രട്ടറിമാരും കേസിലെ പ്രതികളുമായ എ സി മൊയ്‌ദീൻ, എം എം വര്ഗീസ്, കെ രാധകൃഷ്ണൻ അടക്കമുള്ളവർ കോടതിയെ സമീപിച്ച് വിടുതൽ ഹർജി നൽകിയത്. കള്ളപ്പണ കേസിൽ തങ്ങൾക്ക് പങ്കില്ലെന്നും വിചാരണ നടത്താനുള്ള തെളിവില്ലെന്നുമാണ് നേതാക്കളുടെ വാദം.
മാത്രമല്ല പാർട്ടിയെ കള്ളപ്പണ കേസിൽ പ്രതിയാക്കാനാകില്ലെന്നും ഹർജിയിൽ പറയുന്നു. കേസിൽ 64ാം പ്രതിയാണ് സിപിഐഎം പാർട്ടി. പാർട്ടിക്ക് വേണ്ടിയാണ് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി വിടുതൽ ഹർജി നൽകിയത്. എന്നാൽ 2011-2021 കാലയളവിൽ കരുവന്നൂരിലെ ബാങ്കിൽ നിന്ന് ബെനാമി വായപകളനുവദിക്കാൻ നേതാക്കൾ ഇടപെട്ടതിന് തെളിവുണ്ടെന്നും ബാങ്ക് ഭരണസമിതിയെ സിപിഎം ജില്ലാ സെക്രട്ടറിമാർ നിയോഗിച്ച സബ്‌കമ്മിറ്റിയാണ് നിയന്ത്രിച്ചതെന്നും ഇഡി പറയുന്നു. അനധികൃത വായ്‌പ നേടിയവർ പാർട്ടിക്ക് ഫണ്ട് നൽകിയത് കുറ്റകൃത്യത്തിലെ പണം ആണ്. ഈ പണം ഉപയോഗിച്ചാണ് പുറത്തശ്ശേരി ലോക്കൽ കമ്മിറ്റിക്കായി ഭൂമി വാങ്ങിയതെന്നും ഇഡി ചൂണ്ടികാട്ടുന്നു. കരുവന്നൂർ ബാങ്കിലെ പാർട്ടി അക്കൗണ്ടിൽ അനധികൃത വായപ നേടിയ പ്രതികൾ കമ്മീഷൻ നൽകിയിട്ടുണ്ട്. ഈ തുക പിന്നീട് പാർട്ടി ഉപയോഗിച്ചു. ഈ സാഹചര്യത്തിൽ സിപിഎം കേസിൽ പ്രതിയാണെന്നും പിഎംഎൽഎ നിയമത്തിലെ സെക്ഷൻ 70 പ്രകാരം കള്ളപ്പണം തടയൽ നിയമം സിപിഎം പാർട്ടിക്കെതിരെ നിലനിൽക്കുമെന്നും ഇഡി വിശദീകരിക്കുന്നു. ഹർജി ഈമാസം 24 ന് പിഎംഎൽഎ കോടതി പരിഗണിക്കും.


