
തലശ്ശേരി: വിദേശ വിനോദസഞ്ചാരിക്ക് ഓട്ടോറിക്ഷയിൽ മറന്നുവെച്ച ബാഗും വിലപിടിപ്പുള്ള സാധനങ്ങളും തിരികെ നൽകി മാതൃകയായി തലശ്ശേരി ട്രാഫിക് പൊലീസും പ്രദേശത്തെ ഓട്ടോ ഡ്രൈവറും. അമേരിക്കയിലെ നെബ്രാസ്കയിലുള്ള ലിങ്കൺ സ്വദേശിയായ മോറി ഹിഗ്ഗിൻസിനും കുടുംബത്തിനുമാണ് തികച്ചും അവിചാരിതമായി നഷ്ടപ്പെട്ട ബാഗ് തിരികെ ലഭിച്ചത്. തിങ്കളാഴ്ച തലശ്ശേരി നഗരത്തില്‍ വെച്ചാണ് മോറി ഹിഗ്ഗിൻസ് സഞ്ചരിച്ച ഓട്ടോറിക്ഷയുടെ പിൻസീറ്റിൽ ബാഗ് മറന്നുവെച്ചത്. വിലപിടിപ്പുള്ള വസ്തുക്കളും ബാഗിലുണ്ടായിരുന്നു. ബാഗ് ഇനി തിരികെ ലഭിക്കില്ലെന്ന് കരുതി ഇവർ പ്രതീക്ഷ ഉപേക്ഷിക്കുകയും ചെയ്തു.
എന്നാല്‍ യാത്രക്കാരൻ മറന്നുവെച്ച ബാഗ് ശ്രദ്ധയിൽപ്പെട്ട ഓട്ടോ ഡ്രൈവർ അത് ഉടനടി തലശ്ശേരി ട്രാഫിക് പൊലീസ് യൂണിറ്റിൽ ഏൽപ്പിച്ചു. ചൊവ്വാഴ്ച മോറിയും കുടുംബവും തലശ്ശേരിയിൽ നിന്ന് മകളുടെ മുടി വെട്ടുന്നതിനായി സമീപത്തെ സലൂണിലേക്ക് നടന്നുപോവുകയായിരുന്നു. ഈ സമയം ട്രാഫിക് പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിവന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇവരെ തിരിച്ചറിയുകയും ബാഗിനെക്കുറിച്ച് ചോദിക്കുകയുമായിരുന്നു. ബാഗ് മോറിയുടേത് തന്നെയാണെന്ന് ഉറപ്പുവരുത്താൻ പൊലീസുകാർ അതിലുണ്ടായിരുന്ന സാധനങ്ങളെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. തുടർന്ന് ബാഗ് ഉടമസ്ഥന് കൈമാറി.
കൃത്യമായ സമയത്ത് പൊലീസ് ഉദ്യോഗസ്ഥന്‍റെ ശ്രദ്ധയിൽപ്പെട്ടതും ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയും തങ്ങളെ ഏറെ സന്തോഷിപ്പിച്ചതായി മോറി ഹിഗ്ഗിൻസ് പറഞ്ഞു. കേരളത്തിലെ ജനങ്ങളിൽ നിന്നും പൊലീസിൽ നിന്നും ലഭിച്ച ഈ അനുഭവത്തിന് നന്ദി അറിയിച്ചുകൊണ്ട് അദ്ദേഹം പൊലീസിന് ഔദ്യോഗികമായി നന്ദിസന്ദേശം അയക്കുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam