
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍റെ സ്മരണയ്ക്കായി വിപുലമായ ക്യാമ്പസ് വേണമെന്ന് മകൻ അരുണ്‍ കുമാർ. വിഎസ് എന്ന പോരാളിക്ക് നൽകേണ്ട ആദരം കേവലം ഫണ്ട് അനുവദിക്കുന്നതിലോ ഒരു പ്രതിമയിലോ ഒതുങ്ങേണ്ടതല്ലെന്നും വിജ്ഞാനവും, വിപ്ലവ വീര്യവും പകരുന്ന ക്യാമ്പസ് വേണം, ബജറ്റിൽ തുക അനുവദിച്ചതിൽ സന്തോഷമുണ്ട്, ഭരണത്തിന്‍റെ അവസാന നാളുകളിൽ പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികളേക്കാൾ, ദീർഘവീക്ഷണത്തോടെയുള്ള കർമ്മപദ്ധതികളാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും പ്രസ്ഥാനം എടുക്കുന്ന ശരിയായ തീരുമാനങ്ങൾക്കൊപ്പമുണ്ടാകുമെന്നും അരുൺ കുമാർ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് വൈകുന്നേരത്തോടെ കേരളത്തിന്റെ ജനവിധിക്കുള്ള തീയതികൾ പ്രഖ്യാപിക്കുമെന്നാണ് തോന്നുന്നത്. രാഷ്ട്രീയ കേരളം വലിയ ചർച്ചകളിലൂടെയും ചരടുവലികളിലൂടെയും കടന്നുപോകുന്ന ഒരു നിമിഷമാണിത്. ചിലയിടങ്ങളിൽ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലിയുള്ള തർക്കങ്ങളും, മറ്റു ചിലയിടങ്ങളിൽ പഴയ സഹപ്രവർത്തകർ പോലും വ്യത്യസ്ത ചേരികളിൽ നിന്ന് നടത്തുന്ന പോരാട്ടങ്ങളും നാം കാണുന്നു. ജനാധിപത്യം അതിന്റെ എല്ലാ സങ്കീർണ്ണതകളോടും കൂടി മുന്നിലെത്തുമ്പോൾ, ഒരു കാര്യം എടുത്തു പറയാൻ ഞാൻ ആഗ്രഹിക്കുന്നു—വ്യക്തികളേക്കാൾ വലുത് ആശയങ്ങളാണ്.
തിരുവനന്തപുരത്തിന് പുറത്തുള്ള ഈ യാത്രയ്ക്കിടയിലും പല വാർത്തകളും എന്റെ ശ്രദ്ധയിൽപ്പെടുന്നുണ്ട്. മലമ്പുഴയിലും ആലപ്പുഴയിലുമൊക്കെ ഉയരുന്ന പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ കേരളം കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. ഇത്തരം ഘട്ടങ്ങളിൽ പ്രസ്ഥാനത്തിനൊപ്പം നിൽക്കുക എന്നതിനൊപ്പം തന്നെ, ആ പ്രസ്ഥാനം ഉയർത്തിപ്പിടിക്കേണ്ട മൂല്യങ്ങൾക്കും നീതിക്കും വേണ്ടി നിലകൊള്ളുക എന്നതും പ്രധാനമാണ്.
അച്ഛന്റെ സ്മരണകൾ നിലനിർത്താനായി ബജറ്റിൽ ചില തുകകൾ വകയിരുത്തിയത് കണ്ടു. അതിൽ സന്തോഷമുണ്ട്. എന്നാൽ, വിഎസ് എന്ന പോരാളിക്ക് നൽകേണ്ട ആദരം കേവലം ഫണ്ട് അനുവദിക്കുന്നതിലോ ഒരു പ്രതിമയിലോ ഒതുങ്ങേണ്ടതല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. വരുംതലമുറയ്ക്ക് വിജ്ഞാനവും വിപ്ലവവീര്യവും പകരുന്ന വിപുലമായ ഒരു ക്യാമ്പസ്സാണ് അദ്ദേഹത്തിന്റെ പേരിൽ ഉയരേണ്ടത്. ഭരണത്തിന്റെ അവസാന നാളുകളിൽ പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികളേക്കാൾ, ദീർഘവീക്ഷണത്തോടെയുള്ള കർമ്മപദ്ധതികളാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിട്ടുന്നത് ജനകീയ പൊരാട്ടങ്ങളുലൂടെയും ത്യാഗനിർഭരമായ പ്രവർത്തനങ്ങളിലൂടെയും നേടിയെടുത്ത കഴിവും അർജവത്തിലൂടെയാണ്. അച്ഛൻ കാണിച്ചുതന്ന ആദർശങ്ങളുടെയും പോരാട്ടവീര്യത്തിന്റെയും നേർവഴിയെ നടക്കാൻ ശ്രമിച്ചുകൊണ്ട്, പ്രസ്ഥാനം എടുക്കുന്ന ശരിയായ തീരുമാനങ്ങൾക്കൊപ്പം എന്നും ഞാനുണ്ടാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam