
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ തലസ്ഥാനത്ത് നിന്നും തന്റെ പ്രവർത്തന മേഖല കോഴിക്കോട്ടേക്ക് മാറ്റാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതിന് അനുമതി തേടി ആര്യ സിപിഎം നേതൃത്വത്തെ സമീപിച്ചതായാണ് വിവരം. പാർട്ടി അനുമതി നൽകിയാൽ ഭാവി രാഷ്ട്രീയ പ്രവർത്തന കേന്ദ്രം കോഴിക്കോട് ജില്ലയിലായിരിക്കും.
സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ആര്യ. ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് എന്ന നിലയിൽ കോഴിക്കോട് ഉൾപ്പെടെ മറ്റു ജില്ലകളിലും സംഘടനാ പരിപാടികളിൽ ആര്യ നേരത്തെ തന്നെ സജീവമാണ്. മേയർ ആയിരിക്കെ 2022 സെപ്റ്റംബറിലായിരുന്നു ആര്യയുടെ വിവാഹം. രണ്ട് വയസുള്ള മകളുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മേയർ എന്ന ചുമതല അവസാനിച്ചു. ഇത്തവണ മത്സരിക്കുന്നുമില്ല. ഇനി നിയമസഭയിലോ, പാർലമെൻ്റിലേക്കോ പരിഗണിക്കാനാണ് തിരുമാനമെന്നതിനാൽ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമാകാനാണ് പാർട്ടി നിർദ്ദേശം. ഭർത്താവും ബാലുശേരി എംഎൽഎയുമായ സച്ചിൻദേവും കുടുംബവും കോഴിക്കോട് ആയതിനാൽ അവിടേക്ക് മാറാൻ താൽപര്യം അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ തന്നെ മത്സരിപ്പിക്കാത്തത് വിവാദങ്ങൾ ഭയന്നിട്ടല്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ പ്രതികരിച്ചിരുന്നു. മത്സരിപ്പിക്കേണ്ട എന്ന് തീരുമാനിക്കാൻ പാർട്ടിക്ക് അവകാശമുണ്ടെന്നും ആര്യ പറയുന്നു. തലസ്ഥാന നഗരത്തിൽ മേയറാകുന്നവർ പിന്നീട് നിയമസഭയിലേക്ക് എത്തുന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. അതിനാൽ, ആര്യയെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള സാധ്യതയാണ് കാണുന്നത്. മുമ്പ് മേയറായിരുന്ന വി ശിവൻകുട്ടി, വി.കെ പ്രശാന്ത് എന്നിവർ ഇപ്പോൾ നിയമസഭാ അംഗങ്ങളാണ്. ഇതേ മാതൃകയിൽ ആര്യയെയും ഉയർത്തിക്കൊണ്ട് വരാനാണ് പാർട്ടി നീക്കം. മത്സരിപ്പിച്ചതും മേയറാക്കിയതും പാർട്ടിയാണെന്നതിനാൽ തുടർന്നുള്ള കാര്യങ്ങളും പാർട്ടി തീരുമാനിക്കുമെന്നാണ് ആര്യയുടെ പക്ഷം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam