പാലത്തായി പോക്സോ കേസ്: ബിജെപി നേതാവ് കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

Published : Nov 14, 2025, 11:16 AM ISTUpdated : Nov 14, 2025, 12:30 PM IST
palathayi posco case

Synopsis

തലശ്ശേരി അതിവേഗ പോക്സോ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പാനൂർ പാലത്തായിൽ 10 വയസുകാരിയെ അധ്യാപകൻ പീഡിപ്പിച്ച കേസിലാണ് വിധി. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. 

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവ് കടവത്തൂർ സ്വദേശി കെ പത്മരാജൻ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. തലശ്ശേരി അതിവേഗ പോക്സോ കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ജീവപര്യന്തവും, വധശിക്ഷയും ലഭിക്കാവുന്ന കുറ്റങ്ങളാണിവ. 

കണ്ണൂർ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്കൂളിനകത്തും പുറത്തും വച്ച് പീഡിപ്പിച്ചു എന്ന കേസിലാണ് അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജൻ കുറ്റക്കാരനാണ് കണ്ടെത്തിയത്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ സ്കൂളിലെ ശുചിമുറിയിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. തലശ്ശേരി ഡിവൈഎസ്പി പാനൂർ പൊലീസിന് പരാതി കൈമാറി. അന്വേഷണത്തിൽ പരാതി വ്യാജമാണെന്നായിരുന്നു ആദ്യ കണ്ടെത്തൽ. എന്നാല്‍ പ്രതിക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം ശക്തമായി. 2020 ഏപ്രിൽ 15ന് ബന്ധു വീട്ടിൽ ഒളിവിൽ കഴിഞ്ഞ പത്മരാജനെ അറസ്റ്റ് ചെയ്തു. ഇതിനിടെ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. പോക്സോ വകുപ്പ് ചുമത്താതെ 90 ദിവസം തികയുന്നതിന് മണിക്കൂറുകൾക്കു മുൻപ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. അഞ്ചു അന്വേഷണസംഘങ്ങൾ മാറിമാറി അന്വേഷിച്ച കേസിൽ 2021 മേയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു.

‌2024 ഫെബ്രുവരിയിൽ തുടങ്ങിയ വിചാരണക്കൊടുവിൽ തലശ്ശേരി പോക്സോ കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും ശിശുദിനത്തിൽ അതിജീവിതയ്ക്ക് നീതി ലഭിച്ചെന്നും പ്രോസിക്യൂഷൻ പ്രതികരിച്ചു. ഡിവൈഎസ്പി ടികെ രത്നകുമാർ കേസ് അട്ടിമറിച്ചുവെന്നും വിധി ലഭിച്ച ശേഷം മേൽക്കോടതിയെ സമീപിക്കുമെന്നും പ്രതിഭാഗം പറഞ്ഞു. കേസിൽ നാളെ വിധി പറയും.

ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച കേസിൽ പരാതി വ്യാജമാണെന്നും എസ്ഡിപിഐ ഗൂഢാലോചനയെന്നുമായിരുന്നു ബിജെപി ആരോപണം. അഞ്ചുതവണ അന്വേഷണസംഘത്തെ മാറ്റിയ കേസിൽ സംസ്ഥാന സർക്കാരും പ്രതിരോധത്തിലായിരുന്നു. നേരത്തെ, കുട്ടിയുടെ മൊഴിയും, മെഡിക്കൽ സർട്ടിഫിക്കറ്റുമടക്കമുള്ള തെളിവുകൾ ഉണ്ടായിട്ടും ബിജെപി നേതാവായ കുനിയിൽ പത്മരാജനെതിരെ പൊലീസ് പോക്സോ വകുപ്പ് ഒഴിവാക്കി കുറ്റപത്രം നൽകിയത് വന്‍വിവാദമായിരുന്നു. കേസിൽ പ്രതിയെ രക്ഷിക്കാൻ സംസ്ഥാന സർക്കാരും ബിജെപിയും ഒത്തുകളിക്കുന്നു എന്ന് മുസ്ലിംലീഗും കോൺഗ്രസും പ്രചാരണം നടത്തിയിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ