
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ കണ്ടത് ഭരണവിരുദ്ധ വികാരമെന്ന് വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. യുഡിഎഫിന്റെ തിരിച്ചുവരവിന് തുടക്കമാണ് നിലമ്പൂരിൽ കുറിച്ചത്. പ്രതീക്ഷിച്ച ഭൂരിപക്ഷം തന്നെയാണ് ലഭിച്ചതെന്നും ആര്യാടൻ ഷൗക്കത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് വൻവിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ലീഗ് സ്വന്തം സ്ഥാനാർത്ഥിയെ പോലെ മുന്നിൽ നിന്നു. യുഡിഎഫിന്റെ വോട്ട് ആരും ചേർത്തിയിട്ടില്ല. അൻവർ പിടിച്ചത് അൻവറിന് കിട്ടാവുന്ന വോട്ട് മാത്രമാണ്. അൻവർ യുഡിഎഫിൽ എത്തുമോ എന്ന് താനല്ല പറയേണ്ടതെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
ആര്യാടൻ ഷൗക്കത്തിന്‍റെ മണ്ഡല പര്യടനം ഉച്ചയ്ക്ക്
തകർപ്പൻ വിജയം നേടിയതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറയാനായി ആര്യാടൻ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം നടത്തും. ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് മണ്ഡല പര്യടനം. രാവിലെ ഒമ്പതരയോടെ ഷൗക്കത്ത് പാണക്കാട് എത്തി സാദിഖലി തങ്ങൾ ഉൾപ്പെടെയുള്ള ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വോട്ട് ചോർച്ചയെ കുറിച്ച് ആഴത്തിൽ പരിശോധന നടത്താനാണ് സി പി എമ്മിന്‍റെയും, ബിജെപിയുടെയും തീരുമാനം. പോത്തുകല്ല് ഉൾപ്പെടെയുള്ള ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചോർന്നത് സി പി എമ്മിനെ ഞെട്ടിച്ചിട്ടുണ്ട്. ഒറ്റക്ക് മത്സരിച്ച് കരുത്തു തെളിയിച്ചതോടെ യു ഡി എഫ് പ്രവേശനം എളുപ്പമാകും എന്ന പ്രതീക്ഷയിലാണ് പി വി അൻവർ.