
കൊച്ചി: നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയമാണെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 100ലധികം സീറ്റുകളുമായി തിരിച്ചുവരുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ആര്യാടൻ ഷൗക്കത്തിന്‍റെ മികച്ച വിജയം ടീം യുഡിഎഫിന്‍റെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനത്തിന്‍റെ ഫലമാണ്. തന്നെ പോലും വിസ്മയിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് നേതാക്കളും പ്രവര്‍ത്തകരും ചെയ്തത്.
2026 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ തിരിച്ചുവരവിനുവേണ്ടിയുള്ള ഇന്ധനമാണ് നിലമ്പൂരിലെ ജനങ്ങൾ ഞങ്ങൾക്ക് നൽകിയത്. നിലമ്പൂരിലെ ജനങ്ങൾക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.
ഹൃദയപൂര്‍വം പ്രവര്‍ത്തകരോടും നേതാക്കളോടും നന്ദി പറയുകയാണ്. എല്ലാ നേതാക്കളും ഒറ്റക്കെട്ടായി ഒരേ മനസോടെയാണ് നിലമ്പൂരിൽ പ്രവര്‍ത്തിച്ചത്. യുഡിഎഫ് ഇങ്ങനെ പ്രവര്‍ത്തിച്ചാൽ ഇനിയും കൂടുതൽ നേടാനാകുമെന്ന് ഉറപ്പാണ്. ജനങ്ങളുടെ വിശ്വാസം ഞങ്ങള്‍ സംരക്ഷിക്കും. ജനങ്ങള്‍ക്ക് നൽകിയ വാക്ക് പാലിക്കാൻ ശ്രമിക്കും.മുന്നോട്ട് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാൻ ഈ വിജയം കരുത്താകും.
അഞ്ച് ഇരട്ടി വോട്ടിനാണ് നിലമ്പൂര്‍ മണ്ഡലം തിരിച്ചുപിടിച്ചത്. യുഡിഎഫിന്‍റെ വോട്ട് എവിടെയും പോയിട്ടില്ല. എൽഡിഎഫിന് നിലമ്പൂരിൽ 16000 വോട്ടുകളാണ് നഷ്ടപ്പെട്ടത്. യുഡിഎഫ് ശക്തിപ്പെട്ടുവെന്നതിന്‍റെ തെളിവാണ് ഈ വിജയം. 100ലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തും. മണ്ഡല പുനക്രമീകരണത്തോടെ നിലമ്പൂരിന്‍റെ രാഷ്ട്രീയ സ്വഭാവം മാറിയിരുന്നു.
ഈ തെരഞ്ഞെടുപ്പോടെ വീണ്ടും യുഡിഎഫ് മണ്ഡലമായി. ഇപ്പോള്‍ പിവി അൻവര്‍ വിഷയം ചര്‍ച്ച ചെയ്യേണ്ട സമയം അല്ലെന്നും താൻ ഒറ്റയ്ക്ക് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു. അൻവർ തന്‍റെ തീരുമാനം എന്ന രീതിയിൽ മാധ്യമങ്ങൾ തന്‍റെ തലയിൽ കെട്ടിവെയ്ക്കുകയായിരുന്നുവെന്നും വിഡി സതീശൻ പറഞ്ഞു.
പിവി അൻവറിന്‍റെ കാര്യത്തിൽ വിഡി സതീശൻ തീരുമാനം പറയില്ല. കൂടിയാലോചനയ്ക്കുശേഷം അക്കാര്യം പറയും. നിലമ്പൂരിൽ ഉണ്ടായത് ഭരണവിരുദ്ധ വികാരമാണ്. സര്‍ക്കാരിനോടുള്ള വെറുപ്പ് വ്യക്തമാണെന്നും ജനങ്ങളെ വിലകുറച്ച് കണ്ടതിനുള്ള മറുപടിയാണ് സര്‍ക്കാരിന് ലഭിച്ചതെന്നും വിഡി സതീശൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam