കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയ സംഭവം; ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു

By Web TeamFirst Published Dec 3, 2021, 7:57 PM IST
Highlights

15-ാം വയസ്സിലെ പ്രതിരോധ കുത്തിയവയ്പിനെത്തിയ രണ്ട് പെണ്‍കുട്ടികള്‍ക്കാണ് കൊവിഡ് വാകിസിന്‍ നല്‍കിയത്. ജീവനക്കാര്‍ക്ക് അബദ്ധം പറ്റിയെന്നാണ് ആക്ഷേപം.

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ ഒരു ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു. കുറ്റാരോപിതയായ ജെ.പി.എച്ച്.എന്‍. ഡ്രേഡ് 2 ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചത്. 

ഇന്നലെയാണ്, ആര്യനാട് ആരോഗ്യകേന്ദ്രത്തില്‍ 15-ാം വയസ്സിലെ പ്രതിരോധ കുത്തിയവയ്പിനെത്തിയ രണ്ട് പെണ്‍കുട്ടികള്‍ക്ക് കോവിഷീല്‍ഡ് വാകിസിന്‍ നല്‍കിയത്. ജീവനക്കാര്‍ക്ക് അബദ്ധം പറ്റിയെന്നാണ് ആക്ഷേപം. രക്ഷിതാക്കള്‍ പരാതി നല്‍കുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടിയെടുക്കാന്‍ ഡിഎംഒയോട് മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. ഡിഎംഒ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് സസ്‌പെന്‍ഡ് ജീവനക്കാരിയെ ചെയ്തത്. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിക്ക് ഡിഎംഒ കൈമാറി.

കൊവിഡ് വാക്സീനെടുക്കുന്നിടത്ത് കുട്ടികളെത്തിയപ്പോള്‍ സംഭവിച്ചതാണെന്നാണ് ജീവനക്കാരുടെ വിശദീകരണം. എന്നാല്‍, പ്രായവും മേല്‍വിലാസവും പരിശോധിച്ച് നല്‍കേണ്ട വാക്സിനേഷനില്‍ അബദ്ധം സംഭവിച്ചത് നടപടിക്രമങ്ങളിലെ വീഴ്ചയെന്നാണ് പ്രാഥമിക നിഗമനം. രണ്ട് കുട്ടികള്‍ക്കും ഇതുവരെ ആരോഗ്യപ്രശ്നങ്ങളില്ല. കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

click me!