
പാലക്കാട്: സർക്കാർ വിലക്ക് മറികടന്ന് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് പന്നികളെ കടത്താൻ ശ്രമം. പന്നിപ്പനി ഭീതിയെ തുടർന്ന് സർക്കാർ ഏർപ്പെടുത്തിയ നിരേധനം മറികടന്ന് പന്നികളെ എത്തിക്കാനായിരുന്നു ശ്രമം. പന്നികളുമായി എത്തിയ ലോറികൾ പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം കർഷകർ തടയുകയായിരുന്നു. 100 പന്നികളുമായി എത്തിയ രണ്ട് ലോറികളാണ് തടഞ്ഞിട്ടത്. തൃശ്ശൂരിലേക്കും വാഴക്കുളത്തേക്കും കൊണ്ടു പോകാൻ എത്തിച്ചതായിരുന്നു പന്നികളെ. നിരോധനം ലംഘിച്ച് എത്തിച്ച പന്നികളെ കൊന്നുകളയണമെന്ന് കർഷകർ ആവശ്യപ്പെട്ടു. പ്രദേശത്ത് കർഷകർ പ്രതിഷേധം തുടരുകയാണ്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ അൽപസമയത്തിനകം സ്ഥലത്തെത്തി തുടർ നടപടികൾ തീരുമാനിക്കും.
കോട്ടയത്ത് മീനച്ചിൽ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേരളത്തിന് പുറത്തു നിന്ന് പന്നികളെ കൊണ്ടുവരുന്നതിന് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. രോഗബാധ സ്ഥിരീകരിച്ച പ്രദേശത്ത് പന്നിയിറച്ചി വിൽപ്പന നിരോധിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam