
തിരുവനന്തപുരം/കണ്ണൂർ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തയാള ചവിട്ടിയെ സംഭവത്തിൽ എ.എസ്.ഐ എം.സി പ്രമോദിനെ സസ്പെൻഡ് ചെയ്തു. ഇൻ്റലിജൻസ് എഡിജിപിയാണ് പ്രമോദിനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. യാത്രക്കാരനോട് എ.എസ്.ഐ എംസി പ്രമോദ് അതിക്രൂരമായി പെരുമാറിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതോടെ ഇയാളെ റെയിൽവേ ചുമതലയിൽ നിന്നും മാറ്റാൻ നേരത്തെ നിർദേശം നൽകിയിരുന്നു. പാലക്കാട് റെയിൽവേ ഡിവൈഎസ്പിയും കണ്ണൂർ സ്പെഷൽ ബ്രാഞ്ച് എസിപിയും നടത്തിയ അന്വേഷണങ്ങളിൽ ഉദ്യോഗസ്ഥൻ മനുഷ്യത്വരഹിതമായി പെരുമാറിയെന്നാണ് കണ്ടെത്തിയിരുന്നു.
പാലക്കാട് റെയിൽവേ ഡിവൈഎസ്പിയും കണ്ണൂർ സ്പെഷ്യൽ ബ്രാഞ്ച് എസിപിയും നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ ഇങ്ങനെ... സ്ത്രീകളുടെ അടുത്ത് മദ്യലഹരിയിൽ ടിക്കറ്റില്ലാതെ ഇരുന്ന് യാത്രചെയ്യുന്ന ഇയാളെ പൊലീസ് ചോദ്യം ചെയ്തതിൽ തെറ്റില്ല. പക്ഷെ കോച്ചിലൂടെ വലിച്ചിഴച്ചതും മുഖത്തടിച്ചതും ബൂട്ട് കൊണ്ട് നെഞ്ചിൽ ചവിട്ടിയതും മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ്.
സംഭവം നടക്കുമ്പോൾ ടിക്കറ്റ് പരിശോധനയിലായിരുന്നെന്നും മദ്യപിച്ച ഒരാൾ റിസർവേഷൻ ബർത്തി ലിരിക്കുന്നതായി സ്ത്രീ യാത്രക്കാർ പരാതിപ്പെട്ടിരുന്നു എന്നുമാണ് ടിടിഇ കുഞ്ഞുമുഹമ്മദിന്റെ വിശദീകരണം. ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്രചെയ്താലും മദ്യപിച്ച് കയറിയാലും നിയമപ്രകാരമുളള പിഴ ഈടാക്കാം. മറ്റ് യാത്രക്കാരോട് മോശമായി പെരുമാറിയാൽ കേസെടുത്ത് ഇയാളെ റെയിൽവേ പൊലീസിന് കൈമാറാം. എന്നീ നിയമവഴികൾ ഉണ്ടായിരിക്കെയാണ് ഒരാളെ അടിച്ച് നിലത്തിട്ട് നെഞ്ചിൽ ബൂട്ടുകൊണ്ട് ചവിട്ടുന്ന പൊലീസ് കാടത്തം എഎസ്ഐയിൽ നിന്നുണ്ടായത്.
ഇന്നലെ രാത്രിയാണ് മാവേലി എക്സ്പ്രസിൽ ടിക്കറ്റില്ലാതെ കയറിയെന്നാരോപിച്ച് യാത്രക്കാരനെ എഎസ്ഐ മർദിച്ച് നിലത്തിട്ട് ബൂട്ടുകൊണ്ട് ചവിട്ടി. എംസി പ്രമോദെന്ന പൊലീസ് ഉദ്യോഗസ്ഥൻ നടത്തിയ ക്രൂരകൃത്യത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ തങ്ങള്‍ക്ക് നേരെ പേപ്പര്‍ നീട്ടുന്നത് കണ്ടാണ് പൊലീസ് ഇടപെട്ടതെന്ന് ഒരു യാത്രക്കാരി പൊലീസിന് മൊഴി നൽകി
എട്ട് മണിയോടെ മാവേലി എക്സ്പ്രസ് തലശ്ശേരി സ്റ്റേഷൻ പിന്നിട്ടപ്പോൾ കണ്ണൂർ റെയിൽവേ പൊലീസ് സ്റ്റേഷൻ ASI പ്രമോദ് ഒരു സിപിഒയ്ക്ക് ഒപ്പം എസ് ടു കമ്പാർട്ട്മെന്റിലെത്തി. ട്രെയിനനകത്തെ സുരക്ഷയ്ക്കുള്ള കേരള റെയിൽവേ പൊലീസ് സേനയിലെ അംഗമായ ഈ ഉദ്യോഗസ്ഥൻ ടിക്കറ്റില്ലാതെ യാത്ര ചെയ്ത ആളെ അതി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇയാൾക്ക് സംസാരിക്കാൻ പോലും അവസരം നൽകാതെ വലിച്ചിഴച്ച് പുറത്തേക്ക് കോച്ചിന്റെ മൂലയിലിട്ട് മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ നിലത്ത് വീണുപോയ ആളെ എഎസ്ഐ വീണ്ടും ബൂട്ടുകൊണ്ട് ചവിട്ടി.മുകളിലെ ബർത്തിലിരുന്ന ഒരു യാത്രക്കാരനാണ് ഈ ദൃശ്യങ്ങൾ പകർത്തി ഏഷ്യാനെറ്റ് ന്യൂസിലേക്ക് എത്തിച്ചത്.
യാത്രക്കാരൻ ആരെന്ന് തിരക്കാതെയും പൊലീസ് സ്റ്റേഷനിൽ വിവരം അറിയക്കാതെയുമായിരുന്നു ഈ മർദ്ദനം. പിന്നീട് വടകര റെയിൽവേ സ്റ്റേഷനിലെ പോർച്ചിൽ ബലമായി ഇറക്കി വിട്ടശേഷം ഉദ്യോഗസ്ഥർ ട്രെയിനിൽ തിരികെ കയറി. എഎസ്ഐ മർദ്ദിക്കുമ്പോൾ ടിടിഇ കുഞ്ഞുമുഹമ്മദും തൊട്ടടുത്തുണ്ടായിരുന്നു. തങ്ങളുടെ അടുത്തിരുന്ന ഈ യാത്രക്കാരൻ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു എന്നും തങ്ങൾ ഭയപ്പെട്ടിരിക്കുമ്പോഴാണ് പൊലീസ് ഇടപെട്ടതെന്നുമാണ് യാത്രക്കാരിയുടെ മൊഴി
മർദ്ദിച്ച് അവശനാക്കി വടകര റെയിൽവേ സ്റ്റേഷനിൽ ഇറക്കിവിട്ട ഈ യാത്രക്കാരന് പിന്നെ എന്ത് സംഭവിച്ചു. പ്രദേശത്തെ സിസിടിവികൾ പരിശോധിച്ച പൊലീസിന് ഒരു സൂചനയും കിട്ടിയിട്ടില്ല. കണ്ണൂർ,കോഴിക്കോട് ജില്ലകളിൽ ഇയാളെ കണ്ടെത്താൻ വിശദ പരിശോധന നടത്തുകയാണ് പൊലീസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam