
തിരുവനന്തപുരം: നിയമസഭയിൽ ചർച്ചയായി ഏഷ്യാനെറ്റ് ന്യൂസിന്റെ ചതി ചൈന വഴി പരമ്പര. മലയാളി യുവാക്കളെ ചൈനീസ് റിക്രൂട്ടിംഗ് സംഘം ചതിച്ച് സൈബർ തട്ടിപ്പിന് ഉപയോഗിക്കുന്ന സംഭവം വിദേശകാര്യ മന്ത്രാലയവും കേരള പൊലീസും നോർക്ക റൂട്ട്സും ചേർന്ന് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. വലിയ ശമ്പളം വാഗ്ദാനം ചെയ്ത് മലയാളികളെ കമ്പോഡിയയിലേക്കും വിയറ്റ്നാമിലേക്കും കടത്തി സൈബർ തട്ടിപ്പ് ശൃംഖലയുടെ ഭാഗമാക്കുന്ന ചൈനീസ് സംഘത്തെ കുറിച്ചുള്ള വിവരങ്ങളായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നത്.
വിദേശത്തെ കാൾ സെന്ററുകളുടെ ദൃശ്യങ്ങളും തട്ടിപ്പിനിരയായവർ നേരിട്ട ക്രൂരമർദ്ദനങ്ങളും പരമ്പര പുറത്ത് കൊണ്ട് വന്നിരുന്നു. ഈ സംഭവം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് നിയമസഭയിൽ ഉന്നയിച്ചത്. നാലു പേർക്കെതിരെ ഇതിനകം കേസെടുത്തുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ടാലറിയാവുന്ന ഏജന്റിനെതിരെ കേസെടുത്തിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് പരാതികളിൽ ഓപ്പറേഷൻ ശുഭയാത്രയുടെ ഭാഗമായി കർശന നടപടി എടുക്കും. പരാതികളെ കുറിച്ച് പരിശോധിക്കാൻ പ്രത്യേക യോഗം ചേർന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
നേരത്തെ, കേരളത്തിൽ നിന്നും ചൈനീസ് സംഘം മനുഷ്യക്കടത്ത് നടത്തുന്ന പശ്ചാത്തലത്തിൽ വിദേശത്തേക്ക് ജോലിക്ക് പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പ്രോക്ടർ ഓഫ് എമിഗ്രൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. മ്യാൻമാർ, ലാവോസ്, തായ്ലന്റ് എന്നീ രാജ്യങ്ങളിൽ ജോലിക്കായി പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. ലേബർ കോണ്‍ട്രാക്ട് വിശദമായി പരിശോധിക്കണമെന്നും പ്രോട്ടക്ടർ ഓഫ് എമിഗ്രൻസ് ശ്യാം ചന്ദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചതി ചൈന വഴി എന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയോടായിരുന്നു പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam