
ഇടുക്കി: ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ലൈഫ് പദ്ധതിയിൽ വീട് പണി തുടങ്ങാനാകാതെ നിരവധി കുടുംബങ്ങൾ. ഫണ്ടിനായി ഇടുക്കി ഉപ്പുതറ പഞ്ചായത്തിൽ മാത്രം 954 പേരാണ് കാത്തിരിക്കുന്നത്. താത്കാലിക ഷെഡുകളിലാണ് പലരും കഴിയുന്നത്. ഫണ്ട് ലഭിക്കാത്തതിനാല്‍ തന്നെ ആര്‍ക്കും വീട് നിര്‍മാണം ആരംഭിക്കാനാകുന്നില്ല. ലൈഫ് പദ്ധതിയുടെ ഫണ്ട് മുടങ്ങിയതോടെ പാതി വഴിയിൽ വീട് പണി മുടങ്ങിയവർക്കൊപ്പം പണി തുടങ്ങാൻ കഴിയാത്ത നിരവധി പേരാണ് ഇടുക്കിയിലുള്ളത്.
വീടിനായുള്ള ലിസ്റ്റിൽ വർഷങ്ങൾക്കു മുന്പേ ഉൾപ്പെട്ടെങ്കിലും ഇവരിൽ പലരും പ്ലാസ്റ്റിക് ഷെഡിലും തകര ഷെഡ്ഡുകളിലുമാണിപ്പോൾ കഴിയുന്നത്. ഉപ്പുതറ സ്വദേശി ആകേഷും അനുപമയുയും എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴാവുന്ന താല്‍ക്കാലിക ഷെഡ്ഡിലാണ് കഴിയുന്നത്. ചെത്തു തൊഴിലാളിയാണ് ആകേഷ്. ഭാര്യ തൊഴിലുറപ്പ് ജോലിക്കാരിയും. ഇവര്‍ക്ക് അഞ്ചിൽ പഠിക്കുന്ന മകളുമുണ്ട്. പണി കുറവായതിനാൽ തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. കുടുംബ വീതമായി കിട്ടിയ അഞ്ചു സെൻറ് സ്ഥലത്ത് പ്ലാസ്റ്റിക് ഷെഡ് കെട്ടി ഏഴു വർഷം മുമ്പ് താമസം തുടങ്ങിയത്. മറ്റു വഴിയില്ലാത്തതിനാൽ ലൈഫ് പദ്ധതിയിൽ വീടു കിട്ടാൻ അപേക്ഷ നൽകി. ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും പണം കിട്ടിയില്ല. പ്ലാസ്റ്റിക് ഷെഡ് തകർന്നതോടെ പഴയ ടിൻ ഷീറ്റും മറ്റും സംഘടിപ്പിച്ച് കുറച്ചു ഭാഗം മറച്ചുവെച്ചിരിക്കുകയാണ്.
ആകേഷ് മഴക്കാലത്ത് ഉള്‍പ്പെടെ പേടിയോടെയാണ് കഴിയുന്നതെന്നും ഫണ്ടില്ലെന്ന മറുപടിയാണ് അധികൃതര്‍ ആവര്‍ത്തിക്കുന്നതെന്നും എത്രനാള്‍ ഇങ്ങനെ പ്രതീക്ഷയോടെ കാത്തിരിക്കുമെന്നറിയില്ലെന്നും ആകേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചിതലെല്ലാം കയറി എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാറായ നിലയിലാണ് ഷെഡ്ഡെന്ന് അനുപമ പറയുന്നു. വെള്ളം കെട്ടിനിന്ന് പ്ലാസ്റ്റിക്ക് ഷീറ്റൊക്കെ നശിച്ചുപോവുകയാണ്. ഇവിടെ ടോയ് ലെറ്റ് ഇല്ലാത്തതിനാല്‍ തറവാട്ടിലെ ടോയ് ലറ്റാണ് ഉപേയാഗിക്കുന്നത്. ഉപ്പുതറ പഞ്ചായത്തിൽ മാത്രം 954 പേരാണ് ലൈഫ് പദ്ധതിയിൽ വീടിനായി കാത്തിരിക്കുന്നത്. ഫണ്ട് ഇല്ലാത്തതിനാല്‍ പുതിയ ഭവന പദ്ധതികള്‍ ആരംഭിക്കാനാകില്ലെന്ന് പഞ്ചായത്തംഗം സാബു വേങ്ങവേലില്‍ പറഞ്ഞു.അനുപമയെയും ആകേഷിനെയും പോലെ വീടില്ലാത്ത ആയിരക്കണക്കിനാളുകളാണ് പ്ലാസ്റ്റിക് ഷെഡ്ഡുകളിൽ ദുരിതത്തിൽ കഴിയുന്നത്. സർക്കാർ കനിയുമെന്നുള്ള പ്രതീക്ഷയിലാണ് ഇവരിപ്പോഴും.