
കൊച്ചി : ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണൽ ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ അതിക്രമത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. എസ്എഫ്ഐ എറണാകുളം ജില്ലാ നേതാക്കളുടെ നേതൃത്വത്തിലാണ് അതിക്രമമുണ്ടായത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി അർജുൻ ബാബു, പ്രസിഡന്റ് പ്രജിത്ത് ബാബു, എറണാകുളം ഏര്യാ സെക്രട്ടറി ആശിഷ്, ജില്ലാ ജോ. സെക്രട്ടറി രതു കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം പേരടങ്ങുന്ന സംഘം ഓഫീസിലേക്ക് ഇരച്ചെത്തുകയും തടയാൻ ശ്രമിച്ച സുരക്ഷ ഉദ്യോഗസ്ഥരെ തള്ളിമാറ്റി നാലാം നിലയിലുള്ള ഓഫീസ് മുറിയിലേക്ക് അതിക്രമിച്ച് കടക്കുകയുമായിരുന്നു. ഓഫീസിനുളളിൽ കയറി മുദ്രാവാക്യം വിളിച്ച ഇവർ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഒരു മണിക്കൂറോളം ഓഫീസ് പ്രവർത്തനങ്ങൾ തടസപെടുത്തുകയും ചെയ്തു. ചാനൽ ഓഫീസിനുള്ളിലെ ഇവരുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
ഓഫീസില്‍ ബഹളം വച്ച പ്രവര്‍ത്തകരെ കൂടുതല്‍ പൊലീസെത്തിയാണ് നീക്കിയത്. അതിക്രമിച്ച് കയറി ഓഫീസിന്‍റെ പ്രവർത്തനം തടസപ്പെടുത്തിയത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്‍റ് എഡിറ്റർ അഭിലാഷ് ജി നായരുടെ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 143, 147, 149, 447, 506 വകുപ്പുകൾ പ്രകാരമാണ് കൊച്ചി പൊലീസ് കേസെടുത്തത്. അന്യായമായ കൂട്ടം ചേരൽ, സംഘർഷാവസ്ഥ സൃഷ്ടിക്കൽ, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നി കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി, ഓഫീസി്നറെ പ്രവർത്തനങ്ങൾ തടസപ്പടുത്തിയെന്നും പ്രഥമവിവര റിപ്പോർട്ടിലുണ്ട്.
read more ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ എസ്എഫ്ഐ അതിക്രമം; സംസ്ഥാന വ്യപക പ്രതിഷേധവുമായി മാധ്യമ ലോകം
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ എസ് എഫ് ഐ അതിക്രമത്തിൽ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ.സേതുരാമൻ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam