
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് സല്യൂട്ട് കേരളം (Salute Keralam) പുരസ്കാര ദാന ചടങ്ങ് കൊച്ചിയിൽ നടന്നു. കൊവിഡ് (Covid 19) കാലത്തെ പ്രതിസന്ധികളോട് വേറിട്ട് പൊരുതിയ ആറുപേരെയാണ് ഏഷ്യാനെറ്റ് ന്യൂസ് (Asianet News) ആദരിച്ചത്. പ്രമുഖ വ്യവസായി എം എ യൂസഫലി ( M A Yusuff Ali) മുഖ്യാതിഥിയായ ചടങ്ങിൽ നടൻ ജയസൂര്യയും വിജയികളെ ആദരിക്കാനെത്തി.
പൊതുജനവിഭാഗത്തിലെ പുരസ്കാരം പത്തനംതിട്ട റാന്നി സ്വദേശി സലാംകുമാറിനായിരുന്നു. കൊവിഡിൽ വീണുപോയവർക്ക് താങ്ങാവാൻ പരിമിതികൾ തടസമല്ലെന്ന് തെളിയിച്ച സലാം കുമാർ. ചടങ്ങിന്റെ മുഖ്യാതിഥി ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എംഎ യൂസഫലി ആണ് സലാമിന് പുരസ്കാരം സമ്മാനിച്ചത്.പ്രശസ്തി പത്രം നൽകി ആദരിച്ചത് നടൻ മമ്മൂട്ടിയും.
പത്തനംതിട്ട റാന്നിയിലെ ലക്ഷം വീട് കോളനിയിലെ നൊമ്പരങ്ങൾക്കിടയിലും മറ്റുള്ളവർക്ക് ഇനിയും കൈത്താങ്ങ് ആകണമെന്ന വലിയ സ്വപ്നമാണ് സലാം പങ്കുവച്ചത്. നാടിന് ഒരു ആംബുലൻസ് എന്ന വലിയ മോഹമവും സലാം വേദിയിൽ പങ്കുവച്ചു. സലാമിന്‍റെ സ്വപ്നങ്ങൾക്ക് യൂസഫലി പിന്തുണ അറിയിച്ചു. സലാം കുമാറിന് ഒരു വീട് വച്ചു നൽകുമെന്നും യൂസഫലി പ്രഖ്യാപിച്ചു.
എല്ലാ വിജയികൾക്കും ഒരു ലക്ഷം രൂപയുടെ സമ്മാനവും പുരസ്കാര ദാന വേദിയിൽ എംഎ യൂസഫലി പ്രഖ്യാപിച്ചു.
കൊവിഡ് കാലത്ത് ജീവനക്കാരില്ലാതെ സ്തംഭിച്ച നിർമ്മാണ മേഖലയിലെ തന്‍റെ തൊഴിലിടത്തെ ചുറുചുറുക്കുള്ള ഇടപെടലിൽ ചലിപ്പിച്ച എറണാകുളം പറവൂർ സ്വദേശി ഷിജിത ഉല്ലാസിന് പുരസ്കാരം സമ്മാനിച്ചത് നടൻ ജയസൂര്യ. ചെറുകിട ഇടത്തരം സംരംഭകർക്കുള്ള പുരസ്കാരം, കാലത്തിന്റെ ആവശ്യമറിഞ്ഞ് ഓക്സിജൻ സിലിണ്ടറിനെ കൈപ്പിടിയിലൊതുക്കിയ ജിത്തുകൃഷ്ണന് സമ്മാനിച്ചത് കല്യാൺ സിൽക്സ് ചെയർമാൻ ടിഎസ് പട്ടാഭിരാമൻ.
ആരോഗ്യമേഖലയിൽ നിന്നുള്ള പുരസ്കാരം, കൊവിഡ് കാലത്ത് ഒരു വർഷത്തോളം അവധിയില്ലാതെ ജോലിയെടുത്ത തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിതിന് എ എഫിന്, മുത്തൂറ്റ് ഫിൻകോർപ്പ് മാനേജിംഗ് ഡയറക്ടർ തോമസ് ജോർജും സമ്മാനിച്ചു.
പൊതുവിഭാഗത്തിലെ സ്പെഷൽ ജൂറി പുരസ്കാരം ദീപ്തി ചാരിറ്റബിൾ സൊസൈറ്റി ഡയറക്ടർ ജി ഗിരിജ ജിയ്ക്ക് നൽകിയത് പിട്ടാപ്പിള്ളിൽ ഏജൻസീസ് എം ഡി പീറ്റർ പോൾ പിട്ടാപ്പിള്ളി. ആരോഗ്യവിഭാഗത്തിലെ സ്പെഷ്യൽ ജൂറി പുരസ്കാരം തൃശൂർ പൂങ്കുന്നം ഇഎസ്ഐ ഡിസ്പൻസറിയിലെ അറ്റൻഡറായ എബി മോസസിന് കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് മാനേജിംഗ് ഡയറക്ടർ ഷിബു തെക്കുംപുറവും സമ്മാനിച്ചു.
പുരസ്കാരത്തിനൊപ്പം അമ്പതിനായിരം രൂപ ക്യാഷ് അവാർഡാണ് എല്ലാ വിജയികൾക്കും സമ്മാനിച്ചത്. പുരസ്കാര സന്ധ്യക്ക് നിറപ്പകിട്ടായി ഗായകൻ ഷഹബാസ് അമൻ നയിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam