
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 ഒമിക്രോണ്‍ (Omicron) വകഭേദം സ്ഥിരീകരിച്ച രോഗികളെ പരിശോധന ഫലം നെഗറ്റീവായതിന് ശേഷം നിരീക്ഷിച്ച ശേഷം മാത്രമേ ഡിസ്ചാര്‍ജ് (Discharge) ചെയ്യുകയുള്ളൂവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ് (Veena George). സംസ്ഥാനത്ത് ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്ന കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം നിരീക്ഷണം കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
നിലവില്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസം ക്വാറന്റൈനും 7 ദിവസം സ്വയം നിരീക്ഷണവുമാണ്. അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ പലരും മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് സംസ്ഥാനത്തെ ഒമിക്രോണ്‍ പ്രതിരോധത്തെ ബാധിക്കുമെന്നതിനാൽ ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ സ്വയം നിരീക്ഷണം കര്‍ശനമായി പാലിക്കണം. ഇവര്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നതാകും നല്ലതെന്നും ഒരു കാരണവശാലും ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളില്‍ പോകരുതെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് വ്യക്തമാക്കി.
സംസ്ഥാനത്ത് ഇതുവരെ 15 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയാല്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കും. പെട്ടൊന്നൊരു സ്ഥലത്ത് ക്ലസ്റ്റര്‍ ഉണ്ടായാല്‍ അവിടെ നിന്നുള്ള സാമ്പിളുകളും ജനിതക പരിശോധനയ്ക്ക് അയയ്ക്കും. ഒമിക്രോണ്‍ സ്ഥിരീകരിച്ചവര്‍ നെഗറ്റീവായതിന് ശേഷം നിരീക്ഷിച്ച ശേഷം മാത്രമേ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂ.
ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടിയാല്‍ അത് നേരിടുന്നതിന് ആശുപത്രികളില്‍ തയ്യാറാക്കിയ സജ്ജീകരണങ്ങള്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിൽ ചർച്ച ചെയ്തു. ആവശ്യമെങ്കില്‍ സ്വകാര്യ ആശുപത്രികളുടെ സഹകരണവും ഉറപ്പ് വരുത്തിയിട്ടുണ്ട്. എയര്‍പോര്‍ട്ട് സര്‍വയലന്‍സ് നല്ല രീതിയില്‍ നടക്കുന്നുണ്ട്. എയര്‍പോട്ടില്‍ വച്ച് പരിശോധിക്കുന്നവരില്‍ പലരും നെഗറ്റീവാണ്. പിന്നീട് പരിശോധിക്കുമ്പോഴാണ് കൊവിഡ് പോസിറ്റീവാകുന്നത്. അതിനാല്‍ തന്നെ കമ്മ്യൂണിറ്റി സര്‍വയലന്‍സ് ശക്തമാക്കും. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതാണ്.
സംസ്ഥാനത്ത് വാക്‌സിന്റെ ക്ഷാമമില്ലെങ്കിലും പലരും വാക്‌സീനെടുക്കാന്‍ വരുന്നില്ലെന്നും ആരോഗ്യമന്ത്രി പറയുന്നു. അലര്‍ജിയും മറ്റ് പല കാരണങ്ങളും പറഞ്ഞ് കുറേപേര്‍ വാക്‌സീനെടുക്കാതെ മാറി നില്‍ക്കുന്നുണ്ട്. അവര്‍ യഥാര്‍ത്ഥ കാരണം കണ്ടെത്തേണ്ടതാണ്. ക്രിസ്തുമസ്, ന്യൂ ഇയര്‍ വരുന്ന സന്ദര്‍ഭത്തില്‍ എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്. എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ വി ആര്‍ രാജു, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ഡിഎംഒമാര്‍, ഡിപിഎംമാര്‍, സര്‍വയലന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam