
സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ -ആസിഫ് അലി വിവാദത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തില്‍. സിനിമ പശ്ചാത്തലമില്ലാതെ, പരിമിതികൾ ഏറെയുണ്ടായിട്ടും കഠിനാധ്വാനത്തിലൂടെ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി നിലനിൽക്കുന്ന ഒരു നടനെ 'സീനിയോറിറ്റി കോംപ്ലക്സിലൂടെ' റദ്ദ് ചെയ്യാൻ ശ്രമിച്ചാൽ ഇല്ലാതെയാകില്ല ആ ചെറുപ്പക്കാരനെന്ന് രാഹുല്‍ ഫേസ്ബുക്കിൽ കുറിച്ചു.
രാഹുലിന്‍റെ കുറിപ്പ് വായിക്കാം
''എന്നെ തല്ലാൻ ജൂനിയർ ആർട്ടിസ്റ്റുമാർ പറ്റില്ല, എന്നെ തല്ലാൻ അമരീഷ് പൂരി വരട്ടെ' എന്ന ഒരു സരോജ് കുമാർ ഡയലോഗുണ്ട് 'ഉദയനാണ് താരം' എന്ന സിനിമയിൽ.
ആ ഡയലോഗ് റോഷൻ ആൻഡ്രൂസ് തന്റെ സഹപ്രവർത്തകരിൽ നിന്ന് കണ്ടെത്തിയതാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത്തരം ഒരു അനുഭവത്തിന് ആസിഫ് അലി ഇരയാകേണ്ടി വന്നു. സിനിമ പശ്ചാത്തലമില്ലാതെ, പരിമിതികൾ ഏറെയുണ്ടായിട്ടും കഠിനാദ്ധ്വാനത്തിലൂടെ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി നിലനില്ക്കുന്ന ഒരു നടനെ 'സീനിയോറിറ്റി കോംപ്ലക്സിലൂടെ' റദ്ദ് ചെയ്യാൻ ശ്രമിച്ചാൽ ഇല്ലാതെയാകില്ല ആ ചെറുപ്പക്കാരൻ.
ഒരു മനുഷ്യൻ പരസ്യമായി അപമാനിക്കപ്പെട്ടിട്ടും ഒരു വാക്ക് കൊണ്ട് പോലും എതിർക്കാതെ ആ അല്പത്തരത്തെ ആസ്വദിച്ച ആ കൂട്ടത്തിലുണ്ടായിരുന്നവർ സരോജിനെ പ്രോത്സാഹിപ്പിച്ച പച്ചാളം ഭാസിക്കൊരു വെല്ലുവിളിയാണ്....''
മലയാളത്തിന്‍റെ പ്രിയ കഥാകാരന്‍ എം ടി വാസുദേവൻ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുക്കിയ ആന്തോളജി ചിത്രം 'മനോരഥങ്ങളു'ടെ ട്രെയിലര്‍ ലോഞ്ചിനിടെ ആയിരുന്നു ആസിഫ് അലിയെ അപമാനിച്ച സംഭവം നടന്നത്. ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തില്‍ സംഗീതം ഒരുക്കിയ രമേഷ് നാരായണിനെ അനുമോദിക്കാന്‍ ആസിഫ് അലിയെ ക്ഷണിച്ചു. എന്നാല്‍ ആസിഫ് പുരസ്കാരം നല്‍കിയത് ഇഷ്ടപെടാത്ത രമേഷ്,സംവിധായകന്‍ ജയരാജിനെ വിളിച്ച് പുരസ്കാരം വാങ്ങിക്കുക ആയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം