
തൃശൂർ: ചാലക്കുടി നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസിന് തിരിച്ചടിയായി എൽഡിഎഫിന്‍റെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം. കോൺഗ്രസ് കൗൺസിലറായ ബിജു ചിറയത്ത് ചാലക്കുടിയിൽ ഇടത് സ്ഥാനാർഥി ആകും. കോൺഗ്രസ് നേതാവും നിലവിലെ മുനിസിപ്പൽ കൗൺസിലറുമായ ബിജു എസ്. ചിറയത്ത് അല്പസമയത്തിനകം നഗരസഭ കൗൺസിലർ സ്ഥാനവും പാർട്ടി അംഗത്വം രാജിവയ്ക്കും. എൽഡിഎഫിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) വിഭാഗത്തിന് അനുവദിച്ച സീറ്റിലാണ് ബിജു മത്സരിക്കുക. കേരള കോൺഗ്രസ് എം തൃശൂർ ജില്ലാ നേതൃത്വത്തിന്റെ എതിർപ്പ് മറികടന്നാണ് ബിജു ചിറയത്തിനെ സ്ഥാനാർത്ഥിയാക്കുന്നത്.
കഴിഞ്ഞ 25 വർഷമായി ചാലക്കുടിയിൽ കോൺഗ്രസ് കൗൺസിലറാണ് ബിജു ചിറയത്ത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ചാലക്കുടി നഗരസഭയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ച കൗൺസിലറായ ബിജു ഇടത് പാളയത്തിലേക്ക് പോകുന്നത് കോൺഗ്രസിന് കനത്ത തിരിച്ചടിയാണ്. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ജനകീയനായ കൗൺസിലർ എന്ന നിലയിൽ ബിജുവിനെ രംഗത്തിറക്കുന്നതിലൂടെ ചാലക്കുടി തിരിച്ചുപിടിക്കാമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്. നിലവിൽ കോൺഗ്രസിന്റെ സനീഷ് കുമാർ ജോസഫാണ് ചാലക്കുടി എംഎൽഎ. മുൻപ് സിപിഎം നേരിട്ട് മത്സരിച്ച് വിജയിച്ചിരുന്ന ഈ മണ്ഡലം, മുന്നണി ധാരണപ്രകാരം കേരള കോൺഗ്രസ് മാണി വിഭാഗത്തിന് വിട്ടുനൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam