അഡീ.പി.എയെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് സ്പീക്കറുടെ അനുമതി വേണമെന്ന് നിയമസഭാ സെക്രട്ടറി

By Web TeamFirst Published Jan 6, 2021, 9:15 PM IST
Highlights

ഡോളർ കടത്തുകേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് രണ്ട് തവണയാണ് ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ട് കസ്റ്റംസ് കത്ത് നൽകിയത്.

തിരുവനന്തപുരം: സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നൽകി. സ്വർണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം സ്പീക്കറുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനോട് ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകിയതിന് പിന്നാലെയാണ് നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാർക്കുള്ള ഭരണഘടനാപരമായ പരിരക്ഷ ഇത്തരം സാഹചര്യങ്ങളിൽ അയ്യപ്പന് ഉണ്ടെന്ന ചട്ടം വിശദീകരിച്ചു കൊണ്ട് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നൽകിയിരിക്കുന്നത്. 

ഡോളർ കടത്തുകേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് രണ്ട് തവണയാണ് ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ട് കസ്റ്റംസ് കത്ത് നൽകിയത്. നിയമസഭാ സമ്മേളനം ചേരുന്നതിനാൽ  ജോലി തിരക്കുണ്ടെന്നാണ് അയ്യപ്പൻ ഇന്ന് കസ്റ്റംസിനെ അറിയിച്ചത്. മറ്റൊരു ദിവസം ഹാജരാകാൻ അനുവദിക്കണമെന്നും കസ്റ്റംസിനോട് ഇയാൾ ആവശ്യപ്പെട്ടു. 

ഇന്ന് രാവിലെ പത്തിന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനായിരുന്നു കസ്റ്റംസിന്റെ നിർദേശം. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് അയ്യപ്പനെ ചോദ്യം ചെയ്യുന്നത്. ഇന്നലെയും ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടെങ്കിലും നോട്ടീസ് ലഭിക്കാതെ ഹാജരാകില്ലെന്ന നിലപാടിലായിരുന്നു അയ്യപ്പൻ. ഇതിനിടെയാണ് നിയമസഭാ ചട്ടങ്ങൾ ചൂണ്ടിക്കാട്ടി സെക്രട്ടറി കസ്റ്റംസിന് കത്ത് നൽകിയത്. 

click me!