നയപ്രഖ്യാപനത്തോടെ സഭാ സമ്മേളനം ഇന്ന് തുടങ്ങും; ബഫ‍ർസോണടക്കം ഉന്നയിക്കാൻ പ്രതിപക്ഷം, ബജറ്റ് അടുത്ത മാസം 3ന്

By Web TeamFirst Published Jan 23, 2023, 6:17 AM IST
Highlights

സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപനത്തിൽ വലിയ മാറ്റങ്ങളൊന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നാണ് വിവരം.സാമ്പത്തിക ഞെരുക്കത്തിൽ കേന്ദ്രത്തെ പഴിചാരുന്ന പരാമര്‍ശങ്ങളടക്കം നയപ്രഖ്യാപന പ്രസംഗത്തിലുണ്ടാകും.

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ഇന്ന് തുടക്കമാകും.ബജറ്റ് അവതരണമാണ് പ്രധാന അജണ്ട. ഫെബ്രുവരി 3 നാണ് സംസ്ഥാന ബജറ്റ്. നിയമസഭാ കലണ്ടറിലെ ദൈര്‍ഘ്യമേറിയ സമ്മേളനമാണ് ഇത്. ഇന്ന് തുടങ്ങി മാര്‍ച്ച് 30 വരെയാണ് നിയമസഭ ചേരുക. സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപനത്തിൽ വലിയ മാറ്റങ്ങളൊന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നാണ് വിവരം.

സാമ്പത്തിക ഞെരുക്കത്തിൽ കേന്ദ്രത്തെ പഴിചാരുന്ന പരാമര്‍ശങ്ങളടക്കം നയപ്രഖ്യാപന പ്രസംഗത്തിലുണ്ടാകും.ഗവര്‍ണറോടുള്ള എതിര്‍പ്പുകാരണം നയപ്രഖ്യാപനം ഒഴിവാക്കുന്നത് പോലും സർക്കാർ ചിന്തിച്ചിരുന്നെങ്കിലും, അനുനയ അന്തരീക്ഷം തെളിഞ്ഞതോടെയാണ് നയപ്രഖ്യാപന പ്രസംഗം നടക്കുന്നത്. അതേസമയം സാമ്പത്തിക ഞെരുക്കം, ധൂര്‍ത്ത് പൊലീസ്- ഗുണ്ടാ ബന്ധം തുടങ്ങിയ വിഷയങ്ങൾ സർക്കാരിനെതിരെആയുധമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം.

സാമ്പത്തിക പ്രതിസന്ധി, ഭക്ഷ്യസുരക്ഷ, ബഫർ സോണ്‍ പ്രതിസന്ധി എന്നിവയ്ക്ക് ഈ സഭാ കാലയളവിൽ ഊന്നൽ നൽകുമെന്ന് പ്രതിപക്ഷ നേതാവ്  വിഡി സതീശൻ.

 

പൊതു വിഷയങ്ങളിൽ കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത നീക്കത്തിന് പ്രതിപക്ഷം സന്നദ്ധമാണ് പക്ഷെ സാമ്പത്തിക പ്രതിസന്ധി പ്രധാനമായും സംസ്ഥാനത്തിന്‍റെ ഭാഗത്തുള്ള വീഴ്ചയാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

പൊലീസ്-ഗുണ്ടാ ബന്ധം, ഗവർണർ-സർക്കാർ പോര്, കെവി തോമസ്; കടുപ്പിക്കാൻ പ്രതിപക്ഷം, നിയമസഭാ സമ്മേളനം നാളെ മുതൽ

click me!