നിയമസഭ കയ്യാങ്കളിക്കേസ്; പ്രതികളായ നേതാക്കള്‍ സുപ്രീംകോടതിയിലേക്ക്

By Web TeamFirst Published Jun 28, 2021, 7:21 PM IST
Highlights

കേസ് പിൻവലിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹർജി നൽകിയതിന് പിന്നാലെയാണ് നേതാക്കളുടെ നീക്കം. വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. 

ദില്ലി: നിയമസഭ കയ്യാങ്കളി കേസിലെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഇടതുപക്ഷ നേതാക്കളും സുപ്രീംകോടതിയെ സമീപിച്ചു. സംസ്ഥാന സര്‍ക്കാരിന് പിന്നാലെയാണ് വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ ഉൾപ്പടെയുള്ള നേതാക്കളും ഹര്‍ജി നൽകിയത്. നിയമസഭയുടെ അധികാരങ്ങളിൽ കോടതി ഇടപെടരുതെന്ന് ഹര്‍ജികളിൽ പറയുന്നു. നാളെ സുപ്രീംകോടതി കേസ് പരിഗണിക്കും. കേസ് അവസാനിപ്പിക്കണമെന്ന ആവശ്യം തള്ളിയ കേരള ഹൈക്കോടതി ഈ കേസിൽ പൊതുതാല്പര്യം എന്തെന്ന് ചോദിച്ചിരുന്നു. 

ബാർ കോഴ വിവാദം കത്തി നിൽക്കെയാണ് 2015 മാർച്ച് 13ന് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ രാഷ്ട്രീയ കോലാഹലം നിയസമഭയിൽ അരങ്ങേറിയത്. അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരം തടസ്സപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിടുകയായിരുന്നു. 

കേസിൽ ഇ പി ജയരാജൻ, കെ ടി ജലീൽ, വി ശിവൻകുട്ടി, കെ അജിത്ത് എന്നിവരടക്കം 6 ജനപ്രതിനിധികൾക്കെതിരെയായിരുന്നു പൊതു മുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്ത് കന്‍റോൺമെന്‍റ് പോലീസ് കേസ് എടുക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. ഇടത് സർക്കാർ അധികാരത്തിൽ വന്നതിന് പിറകെയാണ് വി ശിവൻ കുട്ടിയുടെ അപേക്ഷയിൽ കേസ് പിൻലിക്കാൻ സർക്കാർ ശ്രമം തുടങ്ങിയത്.

click me!