PG Doctors Strike : ഉറപ്പുകള്‍ ലഭിച്ചു; സമരം പിന്‍വലിച്ച് പിജി ഡോക്ടര്‍മാര്‍, വെള്ളിയാഴ്ച ഡ്യൂട്ടിക്ക് കയറും

By Web TeamFirst Published Dec 16, 2021, 11:50 PM IST
Highlights

ജോലിഭാരം, ഡോക്ടര്‍മാരുടെ കുറവ് എന്നിവയിൽ കെഎംപിജിഎ സമഗ്രമായ റിപ്പോർട്ട് സർക്കാരിന് നൽകും. 

തിരുവനന്തപുരം: സംസ്ഥാനത്ത് പിജി ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം (PG Doctors Strike) അവസാനിപ്പിച്ചു. നാളെ മുതല്‍ ഡ്യൂട്ടിക്ക് കേറും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ (Chief Ministers Office) നിന്ന് ലഭിച്ച ഉറപ്പുകള്‍ക്ക് പിന്നാലെയാണ് സമരം പിന്‍വലിച്ചതെന്ന് കെഎംപിജിഎ അറിയിച്ചു. സ്റ്റൈപ്പൻഡ് വർധനവ്, അലവൻസുകൾ എന്നിവയില്‍ എത്രയും വേഗം തീരുമാനം ഉണ്ടാക്കാന്‍ ഇടപെടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജോലിഭാരം, ഡോക്ടര്‍മാരുടെ കുറവ് എന്നിവയിൽ കെഎംപിജിഎ സമഗ്രമായ റിപ്പോർട്ട് സർക്കാരിന് നൽകും. അതേസമയം കെഎംപിജിഎ അസോസിയേഷൻ പ്രസിഡന്‍റ് അജിത്രയെ അധിക്ഷേപിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു.

മന്ത്രിയുമായി നടത്തിയ ചർച്ചയിലെ പുരോഗതി കണക്കിലെടുത്ത് എമർജൻസി ഡ്യൂട്ടികളിലേക്ക് തിരികെ പ്രവേശിക്കാന്‍ പിജി ഡോക്ടർമാരുടെ അസോസിയേഷൻ നേരത്തെ തീരുമാനിച്ചിരുന്നു. കാഷ്വാലിറ്റി, ലേബർ റൂം, ശസ്ത്രക്രിയ എന്നീ വിഭാഗങ്ങളിൽ ഇന്ന് രാവിലെ മുതൽ പിജി ഡോക്ടർമാർ ജോലിയിൽ പ്രവേശിച്ചിരുന്നു. അഞ്ച് ദിവസം എമർജൻസി ഡ്യൂട്ടികൾ ബഹിഷ്കരിച്ച് പിജി ഡോക്ടർമാർ സമരം ചെയ്തതിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജ് രണ്ട് തവണയാണ് ചർച്ചയ്ക്ക് വിളിച്ചത്. ജോലി ഭാരം കണക്കിലെടുത്ത് റസിഡ‍ന്‍റ് മാനുവൽ നടപ്പാക്കാനും ബുദ്ധിമുട്ടുകൾ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

click me!