
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ വന്ന് കണ്ടിരുന്നുവെന്ന് സ്ഥിരീകരിച്ച് പയ്യന്നൂരിലെ ജ്യോത്സ്യൻ മാധവ പൊതുവാൾ. ഏഷ്യാനെറ്റ് ന്യൂസിനോടാണ് മാധവ പൊതുവാളിന്റെ സ്ഥിരീകരണം. സൗഹൃദ സന്ദർശനം മാത്രമായിരുന്നുവെന്നും മറ്റ് കാര്യങ്ങൾ സംസാരിച്ചില്ലെന്നും മാധവ പൊതുവാൾ പറഞ്ഞു. കൂടിക്കാഴ്ചയുടെ കാര്യം എൻ വി ഗോവിന്ദനും സിപിഎം നേതാക്കളും നിഷേധിക്കുന്നതിനിടയാണ് വെളിപ്പെടുത്തൽ.
മാധവ പുതുവാളുമായി എംവി ഗോവിന്ദൻ കൂടിക്കാഴ്ച നടത്തിയെന്നും ഇത് കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിക്ക് നിരക്കുന്നതല്ലെന്നും സിപിഎം സംസ്ഥാന സമിതിയിൽ വിമർശം ഉയർന്നതായി വാർത്തയുണ്ടായിരുന്നു. എം വി ഗോവിന്ദൻ ഇത് നിഷേധിക്കുകയും ചെയ്തു. എന്നാൽ, കൂടിക്കാഴ്ച നടത്തിയെന്നും തൻ്റെ അസുഖവിവരം അന്വേഷിക്കാൻ എത്തിയതാണ് ഗോവിന്ദനെന്ന് മാധവ പൊതുവാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുഹൂർത്തമോ സമയമോ ഒന്നും എംവി ഗോവിന്ദൻ ചോദിച്ചിട്ടില്ല. സ്നേഹബന്ധങ്ങളിൽ ജ്യോതിഷം കൂട്ടിക്കലർത്തേണ്ട ആവശ്യമില്ല. എംവി ഗോവിന്ദൻ വന്ന് ജാതകം നോക്കി എന്ന പ്രചാരണം സഹിക്കാൻ പറ്റില്ല. അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കളും തന്നെ വന്ന് കാണാറുണ്ട്. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ കൊണ്ടാകാം ഇപ്പോൾ വിവാദമുണ്ടാകാൻ കാരണമെന്നും മാധവ പൊതുവാൾ പറഞ്ഞു. അമിത് ഷായും അദാനിയും വന്നു കണ്ടിരുന്നു. അമിഷാ എത്തിയത് ജാതകം നോക്കാനായിരുന്നുവെന്നും മാധവ പൊതുവാൾ പറയുന്നു.
അദാനി അമിത് ഷാ എന്നിവർ ആശ്രയിക്കുന്ന ജ്യോത്സനാണ് മാധവ പൊതുവാൾ എന്നതാണ് കൂടിക്കാഴ്ച വിവാദമാകാനുള്ള പ്രധാന കാരണം. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അദാനിയുമായി നടത്തിയ ചർച്ചയ്ക്ക് അരങ്ങുരുക്കിയത് ഇതേ മാധവ് പൊതുവാൾ ആണെന്ന് കെപിസിസി നേതൃത്വം ആരോപിച്ചിരുന്നു. വെറും സൗഹാർദ്ദ സന്ദർശനം എന്ന് ജ്യോത്സ്യൻ തന്നെ വിശദീകരിക്കുമ്പോഴും അത് പൂർണ്ണമായും പാർട്ടി അണികൾ വിശ്വാസത്തിൽ എടുക്കുന്നില്ല. കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയമായ കാരണങ്ങളോ അതോ വ്യക്തിപരമായ വിശ്വാസ താൽപര്യമോ എന്ന ചോദ്യമാണ് അവർ ഉയർത്തുന്നത്. സംസ്ഥാന സമിതിയിൽ ഈ വിമർശനം ഉയർന്നതും അത്തരം ഒരു പശ്ചാത്തലത്തിലാണ്. നേരത്തെ കോടിയേരി ബാലകൃഷ്ണനായി കാടാമ്പുഴ ക്ഷേത്രത്തിൽ പൂമൂടൽ നടത്തി എന്നത് വലിയ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു പാർട്ടി നേതാവിന് ഇത്തരം ഒരു ആക്ഷേപം കേൾക്കേണ്ടിവരുന്നത്.