തൃശൂരിലും വോട്ടർ പട്ടിക ക്രമക്കേട് ആരോപണം; സുരേഷ് ഗോപി താമസിച്ചിരുന്ന വീട്ടിൽ 11 വോട്ടുകൾ ചേർത്തു: ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്

Published : Aug 09, 2025, 04:19 PM IST
joseph taget

Synopsis

വാർത്താസമ്മേളനം നടത്തിയാണ് ബിജെപിക്കെതിരെ ഡിസിസി അധ്യക്ഷൻ്റെ ആരോപണം. 

തൃശൂർ: തൃശൂരിൽ വോട്ടർ പട്ടികയിൽ ബിജെപി ക്രമക്കേട് നടത്തിയെന്ന ​ഗുരുതര ആരോപണവുമായി തൃശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്. സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശ്ശേരിയിലെ വീട്ടിൽ 11 വോട്ടുകൾ ചേർത്തുവെന്നും സുരേഷ് ഗോപിയുടെയും ബന്ധുക്കളുടെയും വോട്ടുകളാണ് ചേർത്തതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. വാർത്താസമ്മേളനം നടത്തിയാണ് ബിജെപിക്കെതിരെ ഡിസിസി അധ്യക്ഷൻ്റെ ആരോപണം.

സുരേഷ് ​ഗോപി താമസിച്ചിരുന്ന വീട്ടിലിപ്പോൾ വോട്ടർപട്ടികയിലുള്ള താമസക്കാരില്ല. തെരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ടുകൊണ്ട് സുരേഷ് ഗോപിയും കുടുംബവും ഇവിടെ വന്ന് വോട്ട് ചേർക്കുകയായിരുന്നുവെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു. രണ്ട് ലോകസഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സുരേഷ് ഗോപി മത്സരിക്കുന്ന സമയത്ത് താമസിച്ചിരുന്ന വീടായിരുന്നു നെട്ടിശ്ശേരിയിലേത്. വാർഡ് നമ്പർ 30 ൽ വോട്ട് ചേർത്തത് അവസാനഘട്ടത്തിലാണ്. 45 പേരുടെ വോട്ടുകളിൽ പരാതി നൽകിയിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ പരാതി നൽകിയിരുന്നു. വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് വോട്ട് ചെയ്യാം എന്ന നിലപാടാണ് അന്ന് കളക്ടർ സ്വീകരിച്ചത്. ഇക്കാര്യത്തിൽ സ്വതന്ത്രമായി അന്വേഷണം വേണം. ബിജെപി തന്നെ അന്ന് അവകാശപ്പെട്ടത് 65,000 ത്തോളം വോട്ടുകൾ ചേർത്തു എന്നാണ്. 10 ഫ്ലാറ്റുകളിലായി അമ്പതോളം പരാതികൾ അന്ന് നൽകിയിരുന്നുവെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.

കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നൽകിയ പത്രക്കുറിപ്പ് വസ്തുതാവിരുദ്ധമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് അത്തരമൊരു നീക്കം. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിജെപി വ്യാപകമായി വോട്ടർ പട്ടികയിൽ അട്ടിമറി നടത്തിയെന്ന ആരോപണം ഉന്നയിച്ചത്. നിരവധി വോട്ടർമാരെ മറ്റ് മണ്ഡലങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും ബിജെപി നിരവധി ബൂത്തുകളിൽ ചേർത്തിട്ടുണ്ട്. ഫോറം 6 പ്രകാരമല്ല പുതിയ വോട്ടർമാരെ ചേർത്തിരിക്കുന്നത്. പുതിയ വോട്ടർമാരിൽ ഭൂരിഭാഗവും 45 മുതൽ 70 വയസ്സ് വരെയുള്ളവരാണെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.

മുൻ കളക്ടറും തെരഞ്ഞെടുപ്പ് വരണാധികാരിയുമായിരുന്ന കൃഷ്ണ തേജക്ക് അന്ന് ലഭിച്ച പരാതി ഉന്നത തലങ്ങളിലേക്ക് കൈമാറിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. പരാതി ലഭിച്ചിട്ടില്ലെന്ന ചീഫ് ഇലക്ഷൻ ഓഫീസറുടെ അഭിപ്രായം അടിസ്ഥാനരഹിതമാണ്. 2024 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കളക്ടർക്ക് പരാതി നൽകിയതിന്റെ തെളിവുകളുണ്ട്. വരണാധികാരിയുടെ പ്രസ്താവന പച്ചക്കള്ളമാണ്. അവസാന ഘട്ടത്തിലാണ് തൃശ്ശൂരിൽ വോട്ടുകൾ മുഴുവൻ ചേർത്തത്. വോട്ട് ചേർക്കുന്നതിലെ നിയമങ്ങൾ ലഘൂകരിച്ചത് അനർഹർ പോലും വോട്ട് ചേർക്കുന്നതിന് ഇടയാക്കി. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് ഇത്തരത്തിൽ വോട്ടുകൾ ചേർത്തത്. ആലത്തൂർ, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ വോട്ടർമാരെ തൃശ്ശൂരിൽ ചേർത്തു.

ഇലക്ഷൻ കമ്മീഷന്റെ സൈറ്റ് ബ്ലോക്ക് ആയതിനാൽ പരിശോധിക്കാനാകുന്നില്ല. തൃശൂരിലെ വോട്ടർ പട്ടികയിലെ സംശയങ്ങൾ ദൂരീകരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. പരാതി പറയുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പിൽ നടന്ന സംഭവങ്ങളെ സംബന്ധിച്ച് അന്വേഷിക്കണമെന്നും ഡിസിസി അധ്യക്ഷൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ളയിൽ ഇന്ന് നിർണായകം; എ പത്മകുമാറിന്റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷ ഇന്ന് വിജിലൻസ് കോടതിയിൽ
ജയിൽ കോഴക്കേസ്; കൊടി സുനിയിൽ നിന്നും ഡിഐജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങി, ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന് തെളിവുകള്‍