നാലര വർഷത്തെ അന്വേഷണം; ഒടുവിൽ സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ തുമ്പായി, പൊലീസിന് നേട്ടം

Published : Nov 10, 2022, 07:38 AM ISTUpdated : Nov 10, 2022, 08:20 AM IST
നാലര വർഷത്തെ അന്വേഷണം; ഒടുവിൽ സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ തുമ്പായി, പൊലീസിന് നേട്ടം

Synopsis

സംഭവം നടക്കുമ്പോൾ ആശ്രമത്തിലെ സിസിടിവി കേടായിരുന്നതും പൊലീസിന് തിരിച്ചടിയായി. ആശ്രമത്തിന്റെ പരിധിയിലെ മുഴുവൻ സിസിടിവികൾ അരിച്ചുപെറുക്കിയിട്ടും നിർണായകമായ യാതൊരു വിവരവും ലഭിച്ചില്ലെന്നാണ് പൊലീസ് പറഞ്ഞത്.

തിരുവനന്തപുരം: സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിച്ച സംഭവം നടന്ന് നാലര വർഷം പിന്നിടുമ്പോൾ കേസിൽ വഴിത്തിരിവ്. ആശ്രമം കത്തിച്ച സംഭവത്തിൽ തന്റെ സഹോദരന് പങ്കുണ്ടെന്ന യുവാവിന്റെ വെളിപ്പെടുത്തലാണ് പുതിയ സംഭവവികാസങ്ങൾ‌. തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകനും കൂട്ടുകാരും ചേർന്നാണ് എന്നാണ് വെളിപ്പെടുത്തൽ. നാലുവർഷം പിന്നിട്ടിട്ടും സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താനാകാത്തത് പൊലീസിന് നാണക്കേടായിരുന്നു. ആദ്യം സിറ്റിപോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും തുമ്പൊന്നും കിട്ടാത്തതിനെ തുടർന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. കേസ് എല്ലാവരും മറന്ന ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തൽ പൊലീസിന് നേട്ടമാകുന്നത്.

2018 ഒക്ടോബർ 27-ന് പുലർച്ചെ കുണ്ടമൺകടവിലെ ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു.  കത്തിച്ചശേഷം ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും ആക്രമികൾ വെച്ചിരുന്നു. സിപിഎം-സർക്കാർ അനുകൂല നിലപാടുകൾ സ്വീകരിച്ചിരുന്ന മതാചാര്യനാണ് സന്ദീപാനന്ദ​ഗിരി. ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാരിനെ അനുകൂലിക്കുന്ന നിലപാട് അദ്ദേഹം സ്വീകരിച്ചിരുന്നു. ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ചതോടെ അദ്ദേഹത്തിനെതിരെ വ്യാപകമായ പ്രചാരണം നടക്കുകയും ഭീഷണി ഉണ്ടാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആശ്രമം കത്തിച്ച സംഭവം ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ആശ്രമം സന്ദർശിച്ച് പ്രതികളെ പിടികൂടുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും നാല് വർഷമായിട്ടും പ്രതികളെക്കുറിച്ച് വിവരം ലഭിക്കാത്തത് സർക്കാറിനും പൊലീസിനും തലവേദനയായിരുന്നു. 

സംഭവം നടക്കുമ്പോൾ ആശ്രമത്തിലെ സിസിടിവി കേടായിരുന്നതും പൊലീസിന് തിരിച്ചടിയായി. ആശ്രമത്തിന്റെ പരിധിയിലെ മുഴുവൻ സിസിടിവികൾ അരിച്ചുപെറുക്കിയിട്ടും നിർണായകമായ യാതൊരു വിവരവും ലഭിച്ചില്ലെന്നാണ് പൊലീസ് പറഞ്ഞത്. ഒരാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയെങ്കിലും പുറത്തുവിട്ടില്ല. രേഖാചിത്രത്തെക്കുറിച്ച് ആത്മവിശ്വാസക്കുറവാണ് പുറത്തുവിടാതിരിക്കാൻ കാരണമെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞെങ്കിലും രേഖാചിത്രം പുറത്തുവിടാത്തതിൽ ആരോപണമുയർന്നു. പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നും ആരോപണമുയർന്നിരുന്നു. എന്നാൽ, കേസ് ക്രൈബ്രാഞ്ച് അന്വേഷണം തുടർന്നു. നിരവധി പേരെ ചോദ്യം ചെയ്യലിന് രഹസ്യമായി വിളിപ്പിച്ച് അന്വേഷണം മുന്നോട്ടുപോയി. ഒടുവിൽ പൊലീസിനും സർക്കാറിനും ആശ്വാസമായി കേസിൽ നിർണായക വഴിത്തിരിവുണ്ടായിരിക്കുകയാണ്. 

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചത് ആർഎസ്എസ് പ്രവർത്തകൻ? പ്രതിയെന്ന് സംശയിക്കുന്നയാൾ ആത്മഹത്യ ചെയ്തു

അന്വേഷണത്തിൽ പൊലീസ് വീഴ്ചക്കെതിരെ സന്ദീപാനന്ദ​ഗിരി തന്നെ രം​ഗത്തെത്തിയിരുന്നു. ആശ്രമം കത്തിച്ച ദുഷ്ടശക്തികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണേ എന്ന് പ്രാർഥിച്ച് അൽമോറ ക്ഷേത്രത്തിൽ അദ്ദേഹം മണിയടിച്ചത് വിവാദമായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം