സര്‍ക്കാരുമായുള്ള പോര് മുറുകുന്നതിനിടെ ഗവര്‍ണര്‍ക്ക്  പ്രതിരോധം തീർക്കാനൊരുങ്ങി ബിജെപി

By Web TeamFirst Published Nov 9, 2022, 11:21 PM IST
Highlights

ഈ മാസം 15 മുതൽ 30 വരെ സമ്പർക്ക പരിപാടി സംഘടിപ്പിക്കുമെന്ന് സംസ്ഥാന ബിജെപി നേതൃത്വം വിശദമാക്കുന്നു. വീടുകളിൽ ലഘു ലേഖകൾ വിതരണം ചെയ്യുമെന്നും ബിജെപി

സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്നതിനിടെ  ഗവർണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രതിരോധം തീർക്കാനുള്ള നീക്കത്തില്‍ ബിജെപി. ഗവർണ്ണര്‍ക്ക് അനുകൂലമായി ഗൃഹ സമ്പർക്കം നടത്താനാണ് നീക്കം. ഈ മാസം 15 മുതൽ 30 വരെ സമ്പർക്ക പരിപാടി സംഘടിപ്പിക്കുമെന്ന് സംസ്ഥാന ബിജെപി നേതൃത്വം വിശദമാക്കുന്നു. വീടുകളിൽ ലഘു ലേഖകൾ വിതരണം ചെയ്യുമെന്നും ബിജെപി വ്യക്തമാക്കി. കേരള സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള നിരന്തര ഏറ്റുമുട്ടലുകള്‍ക്ക് പിന്നാലെയാണ് ബിജെപി നീക്കം. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.

നേരത്തെ ഗവര്‍ണര്‍ക്കെതിരെ ബഹുജന മുന്നേറ്റത്തിന് ആഹ്വാനം ചെയ്ത് ഇടതുമുന്നണി ലഘുലേഖ വിതരണം ചെയ്തിരുന്നു.  ഭരണഘടനയെ കുറിച്ച് അടിസ്ഥാന ധാരണ പോലും ഇല്ലാത്ത ഗവര്‍ണറുടെ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങൾ അക്കമിട്ട് നിരത്തുകയാണ് ഇടതുമുന്നണി ലഘുലേഖയിലൂടെ. സര്‍വകലാശാലകളിൽ ആര്‍എസ്എസ് അനുചരൻമാരെ നിയമിക്കാനാണ് നീക്കം. ഫയലുകൾ ചാൻസിലറുടെ ഓഫീസിൽ കെട്ടിക്കിടക്കുകയാണ്. ആറ് കോടി രൂപയുടെ ചാൻസിലേഴ്സ് ട്രോഫി നഷ്ടപ്പെടുത്തി. ഭരണഘടനയെ കുറിച്ച് അടിസ്ഥാന ധാരണ പോലും ഇല്ലാത്ത പ്രവര്‍ത്തനമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ധനമന്ത്രിയെ തിരിച്ച് വിളിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത് അതിന്റെ ഭാഗമെന്നും ഇടതുമുന്നണിയുടെ ലഘുലേഖ വാദിക്കുന്നു. 

ഇതിന് പിന്നാലെയാണ് ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശ്രമവും ഇടത് മുന്നണി ആരംഭിച്ചത്.എന്നാല്‍ ചാന്‍സലറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണെന്നും കണ്ണുപൂട്ടി ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണറും പ്രതികരിച്ചിരുന്നു. ബില്ലുകളില്‍ ചോദിച്ച സംശയങ്ങള്‍ മാറ്റാതെ ഒപ്പിടില്ലെന്നും സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെല്ലാം നിയമമാകില്ലെന്നും ഗവര്‍ണര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. ഗവർണർക്ക് പകരം വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരെ വിവിധ സർവകലാശാലകളിൽ ചാന്‍സലറായി നിയമിക്കാനാണ്  കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമ സർവകലാശാല ഒഴികെ സംസ്ഥാനത്തെ 14 സർവകലാശാലകളുടേയും ചാന്‍സലർ നിലവില്‍ ഗവർണറാണ്. 14 സർവകലാശാലകളുടെയും ചട്ടങ്ങളിൽ ഓ‌ർഡിനൻസ് വഴി ഭേദഗതി കൊണ്ട് വന്നാണ് ഗവർണറെ പുറത്താക്കാനാണ് ഇടത് മുന്നണി ശ്രമിക്കുന്നത്. 

click me!