സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം; പിന്നില്‍ ആര്‍എസ്എസ്സെന്ന് ആരോപണം

By Web TeamFirst Published Aug 27, 2022, 6:22 AM IST
Highlights

രാത്രി രണ്ട് മണിക്കായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം കല്ലെറിഞ്ഞെന്ന് ഓഫീസ് ജീവനക്കാർ പറയുന്നു. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎം ആരോപണം.

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം കല്ലെറിഞ്ഞെന്ന് ഓഫീസ് ജീവനക്കാർ പറയുന്നു. ആക്രമണത്തില്‍ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാടുണ്ടായി. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎം ആരോപിക്കുന്നത്. പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും വഞ്ചിയൂര്‍ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയാണെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലിൽ ബിജെപിയും യുഡിഎഫും നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് സിപിഎം ജില്ലാ ഓഫീസിന് നേരെയുള്ള കല്ലേറ് എന്ന് മേയർ ആര്യാ രാജേന്ദ്രൻ ആരോപിച്ചു.

അക്രമികള്‍ ബൈക്ക് നിർത്താതെ കല്ലെറിഞ്ഞ് മേട്ടുക്കട ഭാഗത്തേക്ക് പോയി എന്നാണ് ഓഫീസ് ജീവനക്കാർ പറയുന്നത്. മൂന്ന് ബൈക്കിൽ ആറ് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്.  ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ രണ്ട് പൊലീസുകാര്‍ കാവൽ ഉണ്ടായിരുന്നു. അക്രമികളെ പിടിക്കാന്‍ പൊലീസുകാർ പിന്നാലെ ഓടിയെങ്കിലും രക്ഷപെടുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മൂന്ന് ബൈക്കുകളിൽ ആറ് പേരാണ് ദൃശ്യങ്ങളിലുള്ളത്. ബൈക്കുകൾ നിർത്താതെ തന്നെ വന്ന് വേഗതയിൽ കല്ലെറിഞ്ഞ് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ മനസിലാകുന്നില്ല. പൊലീസുകാർ പിന്നാലെ ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ സ്ഥലത്തെത്തി പരിശോധിച്ചു.

Also Read: കോടിയേരിക്ക് അവധി നൽകുമോ? നേതൃതലപ്പത്ത് ക്രമീകരണങ്ങൾ വന്നേക്കും; സിപിഎം നേതൃയോ​ഗങ്ങൾ നാളെ മുതൽ

അതേസമയം, ആക്രമണത്തിന് പിന്നിൽ ബിജെപിയെന്ന സിപിഎം ആരോപണം ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് തള്ളി. സ്വർണക്കടത്ത് കേസ് പ്രതിരോധിക്കാൻ എ കെ ജി സെന്ററിന് നേരെ പന്നി പടക്കം എറിഞ്ഞവർ തന്നെയാണ് ജില്ലാ കമ്മിറ്റി ഓഫീസും ആക്രമിച്ചതെന്നും രാജേഷ് ആരോപിച്ചു. നേതൃത്വത്തിന്റെ പിടിപ്പുകേട് മറച്ചുപിടിക്കാനാണ് സിപിഎം സ്വന്തം ഓഫീസ് ആക്രമിച്ചത്. സിപിഎമ്മിന്റെ കുൽസിത ശ്രമമാണ് നടക്കുന്നതെന്നും വിവി രാഗേഷ് കുറ്റപ്പെടുത്തി. ഇന്നലെ തിരുവനന്തപുരത്ത് എ ബി വി പി ഓഫീസ് ആക്രമിച്ച കേസിലെ പ്രതികളെ ഉടൻ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

tags
click me!