കോട്ടയത്ത് മുത്തൂറ്റ് സമരത്തിനിടെ മാധ്യമ പ്രവർത്തകരുടെ ക്യാമറ അടിച്ച് പൊട്ടിക്കാൻ ശ്രമം

By Web TeamFirst Published Feb 13, 2020, 10:47 AM IST
Highlights

മനോരമ ന്യൂസിന്‍റെ ചാനൽ ക്യാമറ അടിച്ചു പൊട്ടിക്കാൻ ശ്രമിച്ചു. സംസ്ഥാനത്ത് ഇന്നലെ  മുത്തൂറ്റ് ഫിനാന്‍സിന്‍റെ മൂന്ന് ജില്ലകളിലെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു.

കോട്ടയം: കോട്ടയത്ത് മുത്തൂറ്റ് സമരത്തിൽ മാധ്യമപ്രവർത്തകർക്ക് നേരെ കൈയ്യേറ്റ ശ്രമം. സിഐടിയു പ്രവർത്തകരാണ് കൈയ്യേറ്റ ശ്രമം നടത്തിയത്. മനോരമ ന്യൂസിന്‍റെ ചാനൽ ക്യാമറ അടിച്ചു പൊട്ടിക്കാൻ ശ്രമിച്ചു. മനോരമ ന്യൂസിലെ അഭിലാഷിന് ആക്രമണത്തില്‍ പരിക്കേറ്റു. സംസ്ഥാനത്ത് ഇന്നലെ  മുത്തൂറ്റ് ഫിനാന്‍സിന്‍റെ മൂന്ന് ജില്ലകളിലെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ സിഐടിയു പ്രവര്‍ത്തകരാണെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്.

ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ സ്ഥാപനങ്ങളിലെ  ജീവനക്കാരാണ് ആക്രമിക്കപ്പെട്ടത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ മുത്തൂറ്റ് ഓഫീസുകള്‍ക്ക് മുന്നില്‍ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. കോട്ടയത്തെ ഓഫീസിന് മുന്നില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു മാധ്യമ സംഘം. ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് ആക്രമണങ്ങളുണ്ടായത്. പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. 

ഇന്നലെ കൊച്ചിയില്‍ കടവന്ത്ര മെട്രോ സ്റ്റേഷന് മുന്നിൽ  സഹപ്രവർത്തകരെ കാത്ത് നിൽക്കുകയായിരുന്ന റീജിയണൽ മാനേജർ വിനോദ് കുമാർ ആണ് ആക്രമണത്തിനിരയായത്. സമരക്കാരിൽ നിന്ന് ഭീഷണിയുള്ളതിനാൽ ജീവനക്കാർ ഒരുമിച്ച് കടവന്ത്രയിലെ ഓഫീസിലേക്ക് പോവുകയാണ് പതിവ്. ഒരാൾ പിറകിൽ നിന്ന് വിനോദ് കുമാറിനെ ആക്രമിച്ചു. ഇത് തടയാൻ ശ്രമിച്ചപ്പോൾ വനിതാ ജീവനക്കാരിക്കും പരിക്കേറ്റു.  ഇരുമ്പു വടി കൊണ്ടുള്ള അടിയേറ്റ്  ജീവനക്കാരിയുടെ കയ്യൊടിഞ്ഞു. 

"

കോട്ടയം മെയിൻ ബ്രാഞ്ചിൽ ജോലി കഴിഞ്ഞിറങ്ങിയവരെ സിഐടിയു തൊഴിലാളികള്‍ കയ്യേറ്റം ചെയ്തു. ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇടുക്കി കട്ടപ്പനയിൽ ബ്രാഞ്ച് മാനേജരുടെ ദേഹത്ത് മീന്‍ വെള്ളം ഒഴിച്ചു. എന്നാല്‍ ആക്രമണങ്ങളിൽ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് സിഐടിയു വാദം. കള്ളക്കേസുണ്ടാക്കിസമരം ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ആക്രമണങ്ങൾ എന്നാണ് സിഐടിയു ആരോപിക്കുന്നത്. 

 

click me!