കോട്ടയത്ത് ഓര്‍ത്തഡോക്സ് സഭയുടെ കുരിശടികള്‍ക്ക് നേരെ ആക്രമണം

By Web TeamFirst Published Nov 11, 2019, 2:15 PM IST
Highlights

സംഭവത്തിന് പിന്നിൽ  സാമൂഹിക വിരുദ്ധരാണെന്നാണ് പോലീസിന്റെ സംശയം. ഓർത്തഡോക്സ്- യാക്കോബായ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കോട്ടയം: ഞായറാഴ്ച രാത്രി കോട്ടയത്ത് രണ്ടിടത്ത് ഓർത്തഡോക്സ് സഭക്ക് കീഴിലുള്ള കുരിശടികൾക്ക് നേരെ ആക്രമണം. ഓർത്തഡോക്സ് ആസ്ഥാനമായ ദേവലോകം അരമനക്ക് സമീപത്തും തൂത്തുട്ടിയിലും ഉള്ള കുരിശടികൾക്ക് നേരെ കല്ലേറുണ്ടായി.  പൊലീസ് അന്വേഷണം തുടങ്ങി

രാത്രി 11.30 ഓടെയാണ് ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം അരമനക്ക്  സമീപമുള്ള കുരിശടിക്ക് നേരെ കല്ലേറുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കുരിശടിയുടെ ചില്ലുകൾ തകർന്നു. ഇതിനുശേഷമാണ് അമയന്നൂർ കാരാട്ടുകുന്നേൽ സെന്‍റ.മേരീസ്‌ ഓർത്തഡോക്സ് പള്ളിയുടെ കീഴിലുള്ള തൂത്തുട്ടി മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ്‌ ചാപ്പലിന്റെ ചില്ല് വാതിലും പരുമല തിരുമേനിയുടെ ഫോട്ടോയും തകർത്തത്. 

സംഭവത്തിന് പിന്നിൽ  സാമൂഹിക വിരുദ്ധരാണെന്നാണ് പോലീസിന്റെ സംശയം. ഓർത്തഡോക്സ്- യാക്കോബായ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും അക്രമികളുടെ മുഖം വ്യക്തമല്ല എന്നാണ് വിവരം. മണർകാട് പള്ളിയിൽ ഇന്നലെ വൈകീട്ട് യാക്കോബായ സഭയുടെ നേതൃത്വത്തിൽ സർവ്വകക്ഷി സമാധാന സമ്മേളനം നടന്നതിന് പിന്നാലെയാണ് ഓർത്തഡോക്സ് കേന്ദ്രങ്ങളിൽ ആക്രമണം ഉണ്ടായതെന്നതും ശ്രദ്ധേയം.

click me!