മേപ്പാടിയില്‍ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവം: ഒരാൾ കൂടി അറസ്റ്റിൽ

By Web TeamFirst Published Dec 6, 2022, 10:02 PM IST
Highlights

ആക്രമണത്തിൽ പങ്കെടുത്ത വിദ്യാർത്ഥി മുഹമ്മദ് അസ്ലം ആണ് അറസ്റ്റിലായത്. നേരത്തെ നാല് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വയനാട്: വയനാട് മേപ്പാടി പോളിടെക്നിക്കിൽ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിൽ. ആക്രമണത്തിൽ പങ്കെടുത്ത വിദ്യാർത്ഥി മുഹമ്മദ് അസ്ലം ആണ് അറസ്റ്റിലായത്. നേരത്തെ നാല് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

രണ്ട് ദിവസം മുൻപ് മേപ്പാടി പോളിടെക്‌നിക് കോളേജിലുണ്ടായ അക്രമത്തിലാണ് എസ്എഫ്ഐ വനിതാ നേതാവ് അപ‍ര്‍ണക്ക് ഗുരുതരമായി പരിക്കേറ്റത്. യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് മേപ്പാടി പോളി ടെക്നിക്ക് കോളേജിൽ വിദ്യാർത്ഥി സംഘർഷമുണ്ടായത്. കോളേജിലെത്തിയ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റ് അപർണ ഗൗരിയെ മുപ്പതോളം വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. കോളേജിലെ മയക്കുമരുന്ന് സംഘമായ ട്രാബിയോക്കിനെ ചോദ്യം ചെയ്തതിനാണ് വനിത നേതാവിനെ ക്രൂരമായി ആക്രമിച്ചതെന്നാണ് എസ്എഫ്ഐയുടെ പരാതി.

വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്ന തെളിവുകളും പുറത്തുവന്നിരുന്നു. നെഞ്ചിന് ഗുരുതര പരിക്കേറ്റ അപർണ ഗൗരി ചികിത്സയിൽ തുടരുകയാണ്. ഈ കേസില്‍ അഭിനവ് ഉള്‍പ്പെട നാല്‍പതോളം പേര്‍ക്കെതിരെ മേപ്പാടി പൊലീസ് കേസ്സെടുത്തിട്ടുണ്ട്. അതിനിടെ, കേസിലെ പ്രതി അഭിനവിന് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ഡിവൈഎഫ്ഐ - കോൺഗ്രസ് സംഘർഷം. കോൺഗ്രസ് പ്രകടനത്തിനിടെ ഡിവൈഎഫ്ഐയും നഗരത്തിൽ പ്രകടനം നടത്തിയതോടെയാണ് സംഘർഷാവസ്ഥ ഉണ്ടായത്. പൊലീസ് ഇടപ്പെട്ട് രംഗം ശാന്തമാക്കി.

tags
click me!