സ്ത്രീധന പീഡനം: യുവതിയും അച്ഛനും ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് വനിതാ കമ്മീഷൻ

By Web TeamFirst Published Jul 24, 2021, 2:24 PM IST
Highlights

വീഴ്ച വരുത്തിയ എറണാകുളം നോർത്ത് സിഐയെ വിളിച്ച് വരുത്തി വിശദീകരണം തേടാൻ വനിത കമ്മീഷൻ തീരുമാനിച്ചു.

കൊച്ചി: സ്ത്രീധനത്തിന്‍റെ പേരിൽ ഭർതൃവീട്ടിൽ യുവതിയും അച്ഛനും ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന വിമർശനവുമായി വനിത കമ്മീഷൻ. വീഴ്ച വരുത്തിയ എറണാകുളം നോർത്ത് സിഐയെ വിളിച്ച് വരുത്തി വിശദീകരണം തേടാൻ വനിത കമ്മീഷൻ തീരുമാനിച്ചു. ഗാർഹിക പീഡന പരാതിയിൽ ഡിസിപിയുടെ നേതൃത്വത്തിൽ അന്വേഷണ തുടങ്ങിയെന്ന്  കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

ചക്കരപ്പറമ്പിലെ ജോർജ്ജിന്‍റെ മകൾ ഡയാനയ്ക്കാണ് സ്ത്രീധനത്തിന്‍റെ പേരിൽ പനച്ചിക്കൽ സ്വദേശി ജിപ്സനിൽ നിന്ന് ദിവസങ്ങളോളം മർദ്ദനം ഏൽക്കേണ്ടിവന്നത്. മകൾക്ക് നേരെയുണ്ടായ ഉപദ്രവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ അച്ഛന്‍റെ കാല് അടിച്ചൊടിക്കുകയും ചെയ്തു.

ജൂലൈ 12 ന് ഡയാന ഗാർഹിക പീഡനത്തെക്കുറിച്ച് വനിത സെല്ലിലും, അച്ഛന് നേരെയുണ്ടായ ആക്രമണത്തിൽ 17ന് എറണാകുളം നോർത്ത് പോലീസിലും പരാതി നൽകി. എന്നാൽ പോലീസ് കാര്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. പരാതിക്കാരിയായ യുവതിയെ വനിത കമ്മീഷൻ അംഗം ഷിജി ഇന്ന് വീട്ടിലെത്തി സന്ദർശിച്ചു.സംഭവത്തിൽ പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് കമ്മീഷൻ പറയുന്നത്. 

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന നൽകിയ മെഡിക്കൽ റിപ്പോർട്ടിൽ യുവതിയുടെ അച്ഛൻ ജോർജ്ജിന്‍റെ കാര്യമായ പരുക്കുകളൊന്നും സൂചിപ്പിച്ചിട്ടില്ല. ഈ കാരണത്താൽ പൊലീസ്  പ്രതികളായ ജിപ്സനെയും പിതാവിനെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു. എന്നാൽ കാൽ ഒടിയുകയും തലയിലും വാരിയെല്ലിലും ക്ഷതമേറ്റിട്ടും മെഡിക്കൽ റിപ്പോർ‍ട്ടിൽ ഇത് രേഖപ്പെടുത്താത്തതിന് പിന്നിൽ ജിപ്സന്‍റെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥന്‍റെയും വൈദികന്‍റെയും അടക്കം ഇടപെടലുണ്ടായെന്ന് ആക്ഷൻ കമ്മിറ്റി ആരോപിക്കുന്നത്. നിലവിൽ സ്ത്രീധന പീഡന പരാതിയിൽ കേസ് എടുത്ത പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കുന്നു.

click me!