'കൊടി ക്വട്ടേഷൻ ജയിലിൽ നിന്നല്ല', ജയിൽ ക്വട്ടേഷൻ വിവാദങ്ങൾ തള്ളി ഋഷിരാജ് സിംഗ്

By Web TeamFirst Published Jul 24, 2021, 2:06 PM IST
Highlights

തടവുകാരുടെ ജയിലിലെ ഫോൺ ഉപയോഗം പൂർണമായും തടയാനായെന്നാണ് ഋഷിരാജ് സിംഗിന്‍റെ പക്ഷം. ജയിലിൽ ഇപ്പോൾ യാതൊരു ക്രിമിനൽ പ്രവർത്തനങ്ങളും നടക്കുന്നില്ല എന്ന് ഉറപ്പിച്ച് പറയാനാകുമെന്നും റിഷിരാജ് സിംഗ് നമസ്തേ കേരളത്തിൽ. 

തിരുവനന്തപുരം: കൊടി സുനി അടക്കമുള്ള തടവുകാർ ജയിലിൽ നിന്ന് ക്വട്ടേഷൻ പ്രവർത്തനം നടത്തിയെന്ന ആരോപണം നിഷേധിച്ച് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്തുന്നത് കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി പരോളിലുള്ള തടവുകാരാണെന്നും നമസ്തേ കേരളത്തിൽ അതിഥിയായെത്തിയ ഋഷിരാജ് സിംഗ് പറഞ്ഞു.

തടവുകാരുടെ ജയിലിലെ ഫോൺ ഉപയോഗം പൂർണമായും തടയാനായെന്നാണ് ഋഷിരാജ് സിംഗിന്‍റെ പക്ഷം. ജയിലിൽ ഇപ്പോൾ യാതൊരു ക്രിമിനൽ പ്രവർത്തനങ്ങളും നടക്കുന്നില്ല എന്ന് ഉറപ്പിച്ച് പറയാനാകുമെന്നും റിഷിരാജ് സിംഗ് നമസ്തേ കേരളത്തിൽ പറഞ്ഞു. 

ഈ മാസം 31-ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് ഋഷിരാജ് നമസ്തേ കേരളത്തിൽ അതിഥിയായെത്തിയത്. വിശ്രമജീവിതം കേരളത്തിൽ തന്നെയാകുമെന്ന് അദ്ദേഹം ആവർത്തിച്ചു. 40 വർഷം മുമ്പ് ജന്മദേശം വിട്ടു പോന്നതാണ്. മൂന്ന് പതിറ്റാണ്ട് ജീവിച്ച കേരളം വിട്ടുപോകാൻ കഴിയില്ല.

വ്യാജ സിഡി നിർമാണവും വൈദ്യുതി മോഷണവും തടയാനായതിൽ സംതൃപ്തിയുണ്ട്. എക്സൈസ് കമ്മീഷണറായിരിക്കുമ്പോൾ 3000 കോടി രൂപയുടെ മയക്കുമരുന്നുകൾ പിടിക്കാനായതിലും സന്തോഷം. മൂന്നാറിൽ തനിക്കുണ്ടായിരുന്നത് റവന്യൂ ഉദ്യോഗസ്ഥരുടെ സംരക്ഷണ ദൗത്യം മാത്രമായിരുന്നുവെന്നും സിംഗ് പറഞ്ഞു. സിനിമയും പാട്ടും ക്രിക്കറ്റും പുതിയ ചില സംരഭങ്ങളുമൊക്കെയായി ഇനിയും സിംഗ് സജീവമായിരിക്കും കേരളത്തിൽ.

click me!