യാത്രക്കാരെ മ‍ർദ്ദിച്ച സംഭവം: കല്ലട ബസ്സിന്‍റെ പെർമിറ്റ് റദ്ദാക്കി

By Web TeamFirst Published Jun 25, 2019, 9:41 PM IST
Highlights

യാത്രക്കാർക്ക് മർദ്ദനമേറ്റത് ഒറ്റപ്പെട്ട സംഭവമാണെന്നും അതിനാൽ പെർമിറ്റ് റദ്ദാക്കരുതെന്നായിരുന്നു സുരേഷ് കല്ലടയുടെ വാദം

തൃശൂർ: യാത്രക്കാരെ മ‍ർദ്ദിച്ച സംഭവത്തിൽ കല്ലട ബസ്സിന്‍റെ പെർമിറ്റ് റദ്ദാക്കി. തൃശൂർ ആ‍ർടിഐ സമിതിയുടേതാണ് നടപടി. ഒരു വർഷത്തേക്കാണ് പെ‍ർമിറ്റ് റദ്ദാക്കിയത്. യാത്രക്കാർക്ക് മർദ്ദനമേറ്റത് ഒറ്റപ്പെട്ട സംഭവമാണെന്നും അതിനാൽ പെർമിറ്റ് റദ്ദാക്കരുതെന്നായിരുന്നു സുരേഷ് കല്ലടയുടെ വാദം. രാവിലെ നടന്ന യോഗത്തിന് ശേഷം ഇന്ന് വൈകുന്നേരമാണ് പെർമിറ്റ് റദ്ദാക്കാനുള്ള തീരുമാനമെടുത്തത്.

ഏപ്രിൽ 21 നാണ് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസ്സിലെ യാത്രക്കാരെ ജീവനക്കാർ മർദിച്ചത്. സംഭവം വിവാദമായതോടെ ബസ്സിന്‍റെ പെർമിറ്റ് റദ്ദാക്കാൻ ഗതാഗത കമ്മീഷണർ നിർദേശിക്കുകയായിരുന്നു. കേസിൽ എറണാകുളം ആർടിഒ ബസ് ഉടമയെ അടക്കം വിളിച്ചു വരുത്തിയെങ്കിലും ബസ് രജിസ്റ്റർ ചെയ്തത് ഇരിങ്ങാലക്കുട ആർടിഒയുടെ കീഴിലായതിനാൽ തുടർ നടപടികൾ ഇരിങ്ങാലക്കുടയിലേക്ക് മാറ്റുകയായിരുന്നു.

ഇരിഞ്ഞാലക്കുട ആർടിഒ ആണ് കേസ് റോഡ് ട്രാഫിക് അതോറിറ്റിക്ക് കൈമാറിയത്. സ്വന്തം നിലയിൽ തീരുമാനമെടുത്താൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം റോഡ് ട്രാഫിക് അതോറിറ്റിക്ക് കൈമാറിയത്. ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി ആർടിഒ ഉൾപ്പടെയുള്ളവരടങ്ങുന്ന സമിതി എടുത്ത തീരുമാനം കോടതിയിൽ ചോദ്യം ചെയ്യുക എളുപ്പമല്ല. 

click me!