
പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ കൂറുമാറിയ സാക്ഷികൾക്ക് എതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം. മധുവിന്റെ അമ്മ മല്ലിയാണ് മണ്ണാർക്കാട് മുൻസിഫ് കോടതിയിൽ പരാതി നൽകിയത്. പലരുടേയും സ്വാധീനവും പ്രലോഭനവും ആണ് കൂറുമാറ്റത്തിന് വഴിയൊരുക്കിയത്. ചിലർ ഭീഷണിക്കും വഴങ്ങി. തങ്ങൾക്ക് നേരെയും ഭീഷണിയുണ്ട്. ഇതെല്ലാം പൊലീസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് അമ്മ മല്ലിയുടെ പരാതി.
അട്ടപ്പാടി മധു കേസിൽ ഒരു സാക്ഷി കൂടി കഴിഞ്ഞദിവസം കൂറു മാറിയിരുന്നു. 18ാം സാക്ഷി കാളി മൂപ്പൻ ആണ് കൂറു മാറിയത്. ഇയാള്‍ വനം വകുപ്പ് വാച്ചറാണ്. ഇതോടെ കേസിൽ മൊഴി മാറ്റിയവരുടെ എണ്ണം 8 ആയി.
കേസിൽ 122 സാക്ഷികളാണ് ആകെയുള്ളത്. ഇതിൽ 10 മുതൽ 17 വരെയുള്ള രഹസ്യമൊഴി നൽകിയ സാക്ഷികളുടെ വിസ്താരം പൂർത്തിയായി. ഇവരിൽ പതിമൂന്നാം സാക്ഷി സുരേഷ്മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. എഴുപേർ രഹസ്യമൊഴി വിചാരണയ്ക്കിടെ തിരുത്തിയിരുന്നു.
താത്കാലിക വാച്ചർമാരെ പിരിച്ചുവിട്ടത് മൊഴി മാറ്റിയതിനാലെന്ന് റേഞ്ച് ഓഫീസർ
രണ്ട് വനംവാച്ചർമാരെ പിരിച്ചുവിട്ടത് അട്ടപ്പാടി മധു കേസിൽ കൂറുമാറിയതിനാലെന്ന് അട്ടപ്പാടി റേഞ്ച് ഓഫീസർ. രഹസ്യമൊഴി തിരുത്തിപ്പറഞ്ഞതാണ് നടപടിക്ക് കാരണമെന്ന് അട്ടപ്പാടി റേഞ്ച് ഓഫീസർ സി സുമേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പന്ത്രണ്ടാം സാക്ഷി അനിൽകുമാർ, പതിനാറാം സാക്ഷി അബ്ദുൽ റസാഖ് എന്നിവരെയാണ് പിരിച്ചുവിട്ടത്. സാക്ഷി പട്ടികയിൽ ഇനിയും വനംവാച്ചർമാരുണ്ട്. ഇവർക്ക് താക്കീത് എന്ന നിലയ്ക്ക് കൂടിയാണ് വനംവകുപ്പിന്‍റെ നടപടി.
അട്ടപ്പാടി മധു കേസിലെ പന്ത്രണ്ടാം സാക്ഷി അനിൽകുമാർ, പതിനാറാം സാക്ഷി അബ്ദുൽ റസാഖ് എന്നിവർക്കെതിരെയാണ് വനം വകുപ്പ് കഴിഞ്ഞ ദിവസം നടപടിയെടുത്തത്. ഇരുവരും താത്കാലിക വാച്ചർമാരായിരുന്നു. സർക്കാർ ശമ്പളം വാങ്ങി പ്രോസിക്യൂഷന് അനുകൂലമായി നൽകിയ രഹസ്യമൊഴി തിരുത്തിയതിനാണ് നടപടി. പ്രതികൾ സാക്ഷി പട്ടികയിൽ അവശേഷിക്കുന്ന വാച്ചർമാരെ സ്വാധീനിക്കാനുള്ള ശ്രമം കൂടി മുന്നിൽ കണ്ടാണ് നടപടി. കേസിന്‍റെ സാക്ഷി പട്ടികയിൽ ഇനിയും വനം വാച്ചർമാരുണ്ട്. ഇവർക്കുള്ള പരോക്ഷ താക്കീത് എന്ന നിലയ്ക്ക് കൂടിയാണ് മൊഴി മാറ്റിയവർക്കെതിരെ നടപടി സ്വീകരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam