
കൊച്ചി: അട്ടപ്പാടി മധു കേസിലെ (MADHU CASE) സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (SPECIAL PUBLIC PROSECUTOR) സി.രാജേന്ദ്രൻ രാജിവച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് (DGP) ആണ് രാജിക്കത്ത് കൈമാറിയത്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. നേരത്തെ സി.രാജേന്ദ്രനെ മാറ്റണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
മണ്ണാർക്കാട് എസ്‍സി എസ്‍ടി കോടതിയിൽ നടക്കുന്ന കേസിലെ വിചാരണ നടപടികൾ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റാനുള്ള ആവശ്യത്തിൽ സർക്കാർ തീരുമാനം ഉണ്ടാകുന്നത് വരെ വിചാരണ തടയണമെന്ന മധുവിന്റെ അമ്മയുടെ ആവശ്യം പരിഗണിച്ചായിരുന്നു നടപടി. ഇക്കാര്യത്തിൽ സർക്കാർ പത്ത് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇതിനിടയിലാണ് സി.രാജേന്ദ്രൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനം രാജിവച്ചത്. രാജേന്ദ്രനെ മാറ്റണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും മധുവിന്റെ കുടുംബം കത്ത് നൽകിയിരുന്നു.
ജൂൺ 8ന് കേസിൽ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികൾ കൂറ് മാറിയിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് മധുവിന്‍റെ അമ്മയും സഹോദരിയും രംഗത്തെത്തി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. പ്രോസിക്യൂട്ടറെ മാറ്റുന്നതുവരെ വിചാരണ നിർത്തിവയ്ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതിയെ സമീപിക്കാൻ വിചാരണ കോടതി നിർദേശിക്കുകയായിരുന്നു. ഇതേതുടർന്നാണ് മധുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്.
പത്താം സാക്ഷി ഉണ്ണികൃഷ്ണൻ, പതിനൊന്നാം സാക്ഷി ചന്ദ്രൻ എന്നിവരാണ് വിചാരണയ്ക്കിടെ പ്രതികൾക്ക് അനുകൂലമായി കൂറ് മാറിയത്. സാക്ഷികളെ പ്രതികൾ ഒളിവിൽ പാർപ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്ന് കുടുംബം ആരോപിച്ചിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി.രാജേന്ദ്രന് പരിചയക്കുറവ് ഉണ്ടെന്നും അഡീഷണൽ പ്രോസിക്യൂട്ടറെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നുമായിരുന്നു മധുവിന്റെ അമ്മയുയെും സഹോദരിയുടെയും ആവശ്യം.
കത്തിന്റെ പൂര്‍ണ രൂപം
എന്റെ മകൻ മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ടി കോടതിയിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന സാക്ഷി വിചാരണ ജൂൺ 8ന് ആരംഭിച്ചു . 8നും 9 നും വിസ്തരിച്ച സാക്ഷികളായ ഉണ്ണികൃഷ്ണൻ, ചന്ദ്രൻ എന്നിവരുടെ വിചാരണ മുഴുവൻ ഞങ്ങൾ വീക്ഷിക്കുകയുണ്ടായി .
ഞങ്ങളുടെ അപേക്ഷ പ്രകാരം സർക്കാർ ഞങ്ങൾക്കു വേണ്ടി നിയമിച്ച സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.സി.രാജേന്ദ്രന്റെ വിചാരണ രീതികൾ വീക്ഷിച്ചതിൽ നിന്നും അദ്ദേഹത്തിന് വിചാരണ കോടതികളിൽ വിചാരണ നടത്തുന്നതിൽ പരിചയക്കുറവുണ്ട് എന്നാണ് ഞങ്ങൾക്ക് തോന്നിയത് .
മാത്രമല്ല സാക്ഷികളായ ഉണ്ണികൃഷ്ണൻ , ചന്ദ്രൻ എന്നിവരെ കൂറുമാറ്റിക്കുന്നതിൽ പ്രതിഭാഗം വക്കീലുമാർ വിജയിക്കുകയും ചെയ്തു . കൂടാതെ സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ മണ്ണാർക്കാട് ട്രയൽ കോടതിയിലെ വിചാരണ തൃപ്തികരമല്ല എന്ന് കാണിച്ച് കോടതിയിലെ പൊലീസ് ഇൻ ചാർജായ മുൻ അന്വേഷണ സംഘത്തലവൻ പാലക്കാട് എസ്പിക്ക് റിപ്പോർട്ട് നൽകിയിട്ടുള്ളതായും അറിയുന്നു .
ഈ അവസരത്തിൽ അഡ്വ.രാജേന്ദ്രൻ തന്നെ തുടർന്നും കേസ് വാദിച്ചാൽ എന്റെ മകന്റെ കേസിൽ ഞങ്ങൾ പരാജയപ്പെടുകയും, പ്രതികൾ രക്ഷപ്പെടുകയും ചെയ്യുമോ എന്ന് ഞാൻ ഭയപ്പെടുന്നു. ആകയാൽ അഡ്വ.രാജേന്ദ്രനെ ഈ കേസിന്റെ സ്പെഷ്യൽ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്നും ഒഴിവാക്കി പകരം നിലവിലുള്ള അഡീ. സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിട്ടുള്ള അഡ്വ.രാജേഷ് എം.മേനോന് സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ ചുമതല നൽകി അദ്ദേഹത്തിന് ഈ കേസ് വാദിക്കാനുള്ള ചുമതല നൽകണം എന്ന് അപേക്ഷിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam