അട്ടപ്പാടി മധു കേസിൽ വിചാരണ വീഡിയോയിൽ ചിത്രീകരിക്കുമോ? മധുവിന്റെ അമ്മയുടെ ഹ‍ർജിയിൽ വിധി തിങ്കളാഴ‍്‍ച

By Web TeamFirst Published Sep 24, 2022, 2:46 PM IST
Highlights

പ്രതിഭാഗം വിചാരണ നടപടികൾ അനാവശ്യമായി തടസ്സപ്പെടുത്തുന്നുവെന്നും ഈ സാഹചര്യത്തിൽ വിചാരണ പൂർണമായും വീഡിയോയിൽ ചിത്രീകരിക്കണമെന്നുമാണ് മധുവിന്റെ അമ്മ മല്ലിയുടെ ആവശ്യം

പാലക്കാട്: അട്ടപ്പാടി മധു കേസിൽ വിചാരണ നടപടികൾ വീഡിയോയിൽ ചിത്രീകരിക്കണമെന്ന മധുവിന്റെ അമ്മയുടെ ഹർജിയിൽ കോടതി തിങ്കളാഴ്ച വിധി പറയും. പ്രതിഭാഗം വിചാരണ നടപടികൾ അനാവശ്യമായി തടസ്സപ്പെടുത്തുന്നുവെന്നും ഈ സാഹചര്യത്തിൽ വിചാരണ പൂർണമായും വീഡിയോയിൽ ചിത്രീകരിക്കണമെന്നുമാണ് മധുവിന്റെ അമ്മ മല്ലിയുടെ ആവശ്യം. വിചാരണയ്ക്കിടെ കൂറുമാറിയ മുപ്പത്തിയാറാം സാക്ഷി ലത്തീഫ് ഉള്ള വീഡിയോ ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിലും കോടതി തിങ്കളാഴ്ച വിധി പറയും. വിചാരണയ്ക്കിടെ കോടതിയിൽ കാണിച്ച ദൃശ്യങ്ങളിൽ ഉള്ളത് താനല്ലെന്ന് ലത്തീഫ് പറഞ്ഞിരുന്നു. ഇതോടെ ദൃശ്യങ്ങളും പാസ്പോർട്ടിലെ ഫോട്ടോയും ഫോറൻസിക് പരിശോധനയ്ക്ക് അയക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. 

കേസിൽ ഇന്ന് രണ്ട് പ്രതികൾ കൂടി കൂറുമാറി. അറുപത്തിയൊന്നാം സാക്ഷിയും അറുപത്തിരണ്ടാം സാക്ഷിയും ആണ് ഇന്ന് കൂറുമാറിയത്. മധു കൊലക്കേസിലെ പ്രതി ജൈജുമോന്റെ ഓട്ടോറിക്ഷ ഹാജരാക്കിയത് അറുപത്തിയൊന്നാം സാക്ഷി ഹരീഷാണ്. എന്നാൽ വിചാരണയ്ക്കിടെ, ഹരീഷ് ഇക്കാര്യം നിഷേധിച്ചു. പിന്നാലെ, അറുപത്തിരണ്ടാം സാക്ഷി ആനന്ദും കൂറുമാറി. പ്രതികളുടെ മൊബൈൽ ഫോണുകൾ പൊലീസ് സ്‌റ്റേഷനിൽ ഹാജരാക്കിയത് ആനന്ദായിരുന്നു. വിചാരണ വേളയിൽ ആനന്ദ് ഇക്കാര്യം നിഷേധിച്ചു. ഹരീഷ്, ബിജു എന്നിവർ ആനന്ദിന്റെ അമ്മാവൻമാർ ആണ്. ഇന്ന് രണ്ട് പേർ കൂടി കൂറുമാറിയതോടെ, കേസിൽ ഇതുവരെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 25 ആയി. ആകെ 122 സാക്ഷികളാണ് കേസിലുള്ളത്. 

അട്ടപ്പാടി മധു കേസ്: വീണ്ടും കൂറുമാറ്റം, മഹസറിലെ ഒപ്പ് തന്റെതല്ലെന്ന് ഒരാൾ, വായിച്ചു നോക്കിയില്ലെന്ന് മറ്റൊരാൾ
അട്ടപ്പാടി മധു വധക്കേസിലെ 12 പ്രതികളിൽ പതിനൊന്ന് പേരുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. അതേസമയം പതിനൊന്നാം പ്രതി ഷംസുദ്ദീനിന്റെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.  സാക്ഷികളെ സ്വാധീനിച്ചുവെന്ന് വ്യക്തമായതോടെയാണ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. 

click me!