Asianet News MalayalamAsianet News Malayalam

അട്ടപ്പാടി മധു കേസ്: വീണ്ടും കൂറുമാറ്റം, മഹസറിലെ ഒപ്പ് തന്റെതല്ലെന്ന് ഒരാൾ, വായിച്ചു നോക്കിയില്ലെന്ന് മറ്റൊരാൾ

ശ്രീരാഗ് എന്ന ബേക്കറിയിൽ നിന്ന് സിസിടിവി ദൃശ്യം പിടിച്ചെടുത്തപ്പോൾ, പൊലീസ് തയ്യാറാക്കിയ മഹസറിൽ ഒപ്പിട്ടയാളാണ് ബിനു. മഹസർ വായിച്ചു നോക്കാതെയാണ് ഒപ്പിട്ടതെന്ന് അമ്പത്തിയാറാം സാക്ഷി

Attappadi Madhu case, One more witness hostile
Author
First Published Sep 22, 2022, 12:07 PM IST

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ വീണ്ടും കൂറുമാറ്റം. അമ്പത്തിയഞ്ചാം സാക്ഷി ബിനുവാണ് കൂറുമാറിയത്. ശ്രീരാഗ് എന്ന ബേക്കറിയിൽ നിന്ന് സിസിടിവി ദൃശ്യം പിടിച്ചെടുത്തപ്പോൾ, പൊലീസ് തയ്യാറാക്കിയ മഹസറിൽ ഒപ്പിട്ടയാളാണ് ബിനു. എന്നാൽ വിചാരണയ്ക്കിടെ, മഹസിൽ ഒപ്പിട്ടത് താനല്ലെന്ന് ബിനു കോടതിയെ അറിയിച്ചു.  ബേക്കറി ഉടമകളും കേസിലെ പ്രതികളുമായി ഹരീഷ്, ബിജു എന്നിവരുടെ സഹോദരനാണ് ബിനു. അമ്പത്തിയഞ്ചാം സാക്ഷി ബിനുവിന് പിന്നാലെ അമ്പത്തിയാറാം സാക്ഷിയും കൂറുമാറി. മുഹമ്മദ് ജാസിം ആണ് ഇന്ന് കൂറുമാറിയ രണ്ടാമത്തെ സാക്ഷി. മഹസറിൽ ഒപ്പിട്ടത് വായിച്ചു നോക്കാതെയാണെന്നായിരുന്നു മുഹമ്മദ് ജാസിം വിചാരണയ്ക്കിടെ കോടതിയെ അറിയിച്ചത്. രണ്ട് സാക്ഷികൾ കൂടി കൂറുമാറിയതോടെ അട്ടപ്പാടി മധു കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം 24 ആയി. ആകെ 122 സാക്ഷികളാണ് കേസിലുള്ളത്.

അതേസമയം, നേരത്തെ വിചാരണയ്ക്കിടെ കൂറുമാറിയ ഇരുപത്തിയേറാം സാക്ഷി സുനിൽ കുമാറിനെതിരായ ഹർജി പരിഗണിക്കുന്നത് കോടതി മറ്റന്നാളത്തേക്ക് (സെപ്തംബർ 24) മാറ്റി. സുനിൽ കുമാറിന്റ് കാഴ്ച ശക്തി പരിശോധിച്ച ഡോക്ടറെ വീണ്ടും വിസ്തരിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടതിനെ തുടർന്നാണ് മാറ്റിയത്. മധുവിനെ പിടിച്ചു കൊണ്ടുവരുന്ന ദൃശ്യങ്ങൾ വിചാരണക്കിടെ കോടതിയിൽ പ്രദർശിപ്പിച്ചപ്പോൾ ഒന്നും കാണാൻ ആകുന്നില്ലെന്നായിരുന്നു സുനിൽ കുമാർ പറഞ്ഞത്,. തുടർന്നാണ് കോടതി, ഇയാളുടെ കാഴ്ചശക്തി പരിശോധിക്കാൻ നിർദേശിച്ചത്. സുനിൽ കുമാറിന്റെ കാഴ്ചശക്തിക്ക് യാതൊരു തകരാറുമില്ലെന്ന് പരിശോധിച്ച ഡോക്ടർ കോടതിയെ അറിയിച്ചിരുന്നു.  

Also Read:  മധുകൊലക്കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ട‍ർക്ക് ഒരു രൂപ പോലും നൽകാതെ സർക്കാ‍ർ,രേഖാമൂലം നൽകിയ കത്തിനും മറുപടിയില്ല

അട്ടപ്പാടി മധു വധക്കേസിലെ 12 പ്രതികളിൽ പതിനൊന്ന് പേരുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. അതേസമയം പതിനൊന്നാം പ്രതി ഷംസുദ്ദീനിന്റെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.  സാക്ഷികളെ സ്വാധീനിച്ചുവെന്ന് വ്യക്തമായതോടെയാണ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. 

മധു കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു

Follow Us:
Download App:
  • android
  • ios