അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതക കേസ്: 17ാം സാക്ഷി ജോളി കൂറുമാറി, പ്രോസിക്യൂഷന് തിരിച്ചടി

Published : Jul 27, 2022, 04:57 PM ISTUpdated : Jul 27, 2022, 04:58 PM IST
അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതക കേസ്: 17ാം സാക്ഷി ജോളി കൂറുമാറി, പ്രോസിക്യൂഷന് തിരിച്ചടി

Synopsis

പത്തു മുതൽ പതിനാറ് വരെ സാക്ഷികളെ വിസ്തരിച്ചതിൽ ആറു പേർ നേരത്തെ തന്നെ കൂറുമാറിയിരുന്നു. മൊഴിമാറ്റിയ രണ്ട് വനം വകുപ്പ് വാച്ചർമാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു

പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം അട്ടപ്പാടിയിൽ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. കോടതിയിൽ സെക്ഷൻ 164 പ്രകാരം രഹസ്യമൊഴി നൽകിയ ഒടുവിലത്തെ സാക്ഷി ജോളിയാണ് കൂറുമാറിയത്. കേസിൽ 17ാം സാക്ഷിയായിരുന്നു ജോളി. രഹസ്യമൊഴി പൊലീസുകാർ നിർബന്ധിച്ചപ്പോൾ നൽകിയതാണെന്ന് ജോളി മൊഴി തിരുത്തി. ഇതോടെ കേസിൽ ഇതുവരെ കൂറുമാറിയവരുടെ എണ്ണം ഏഴായി.

പത്തു മുതൽ പതിനാറ് വരെ സാക്ഷികളെ വിസ്തതരിച്ചതിൽ ആറു പേർ നേരത്തെ തന്നെ കൂറുമാറിയിരുന്നു. മൊഴിമാറ്റിയ രണ്ട് വനം വകുപ്പ് വാച്ചർമാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കേസിൽ ആകെ 122 സാക്ഷികളാണ് ഉളളത്. വെള്ളിയാഴ്ച വിസ്തരിച്ച പതിമൂന്നാം സാക്ഷി സുരേഷിനെയും 17ാം സാക്ഷി ജോളിയെയുമാണ് ഇന്ന് വിസ്തരിച്ചത്.
 
മധുവിനെ പ്രതികൾ മർദിക്കുന്നത് കണ്ടെന്ന നിർണായക മൊഴി സുരേഷ് കഴിഞ്ഞ ദിവസം നൽകിയിരുന്നു. അദ്ദേഹം മൊഴിയിൽ ഉറച്ചു നിന്നു. രഹസ്യ മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ സുരേഷ് വിസ്താരത്തിനിടെ ആവർത്തിച്ചതിന്റെ ആശ്വാസത്തിലായിരുന്നു പ്രോസിക്യൂഷൻ. എന്നാൽ ജോളി മൊഴി മാറ്റിയത് പ്രോസിക്യൂഷന് തിരിച്ചടിയായി. പ്രതികൾ മധുവിനെ പിടിക്കാൻ മലയിലേക്ക് പോകുന്നത് കണ്ടെന്നായിരുന്നു ജോളിയുടെ രഹസ്യമൊഴി.

കേസിൽ സാക്ഷികളായിരുന്ന വനം വകുപ്പ് വാച്ചർമാരെ മൊഴി മാറ്റിയതിനാണ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടത്. പന്ത്രണ്ടാം സാക്ഷി അനിൽകുമാർ, പതിനാറാം സാക്ഷി അബ്ദുൽ റസാഖ് എന്നിവരെയാണ് പിരിച്ചുവിട്ടത്. സാക്ഷികളിൽ ഇനിയും വനം വകുപ്പ് വാച്ചർമാരുണ്ട്. ഇവർക്ക് താക്കീത് എന്ന നിലയ്ക്ക് കൂടിയാണ് വകുപ്പ് നടപടി.

താത്കാലിക വാച്ചർമാരെ പിരിച്ചുവിട്ടത് മൊഴിമറ്റിയതിനാലാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. സർക്കാർ ശമ്പളം വാങ്ങിയാണ് രഹസ്യമൊഴി തിരുത്തിയത്. സാക്ഷിപ്പട്ടികയിലുള്ളവരെ പ്രതികൾ സ്വാധീനിക്കാനുള്ള ശ്രമം മുന്നിൽ കണ്ടാണ് നടപടിയെന്ന് വനം വകുപ്പ് അട്ടപ്പാടി റേഞ്ച് ഓഫീസർ സി സുമേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

PREV
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് വി ഡി സതീശൻ
ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അന്ന് പിടി എതിർത്തു: ആരുമറിയാതെ പോകുമായിരുന്ന ക്രൂരത നിയമവഴിയിലേക്കെത്തിയത് പിടി തോമസിന്റെ ഇടപെടൽ മൂലം