Latest Videos

കോട്ടൺ ഹിൽ സ്കൂളിലെ റാഗിംങ് പരാതി: നിസ്സാര പ്രശ്നത്തെ പർവതീകരിച്ചെന്ന് ഡിഡിഇ റിപ്പോർട്ട്

By Web TeamFirst Published Jul 27, 2022, 4:36 PM IST
Highlights

സീനിയർ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ മൂന്ന് കുട്ടികൾക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. എന്നാൽ അക്രമം നടത്തിയ കുട്ടികൾ ആരെന്ന് പരിക്കേറ്റ കുട്ടികൾക്കോ സ്കൂളിലെ അധ്യാപകർക്കോ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. 

തിരുവനന്തപുരം: കോട്ടൺ ഹിൽ സ്കൂളിൽ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തുവെന്ന പരാതിയിൽ ഡിഡിഇ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. സ്കൂളിൽ നടന്ന ചെറിയൊരു പ്രശ്നത്തെ അനാവശ്യമായി പർവതീകരിച്ചതാണ് പ്രധാന പ്രശ്നമെന്ന് ഡിഡിഇയുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. 

സീനിയർ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ മൂന്ന് കുട്ടികൾക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. എന്നാൽ അക്രമം നടത്തിയ കുട്ടികൾ ആരെന്ന് പരിക്കേറ്റ കുട്ടികൾക്കോ സ്കൂളിലെ അധ്യാപകർക്കോ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളും ഇതുവരെ  ലഭ്യമല്ല. എന്നാൽ അക്രമികളെ കണ്ടെത്താൻ  നടത്തിയ വ്യാപക തെരച്ചിൽ വിദ്യാർത്ഥികളെ പരിഭ്രാന്തരാക്കിയെന്നും ഡിഡിഇയുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്. വിദ്യാർത്ഥികളിലെ ഈ പരിഭ്രാന്തി പിന്നീട് രക്ഷിതാകളിലേക്കും വ്യാപിച്ചു. വിഷയം വാർത്തയായതോടെ ചിത്രം തന്നെ മാറിയെന്നും ഡിഡിഇ റിപ്പോർട്ടിൽ പറയുന്നു. 

റാഗിങ് എന്ന് ഉപയോഗിക്കരുത്, ഉത്തമ ബോധ്യമില്ലാത്ത കാര്യങ്ങൾ പറയരുത്; കോട്ടണ്‍ഹില്‍ സ്കൂള്‍ വിഷയത്തില്‍ മന്ത്രി

അതേസമയം കോട്ടണ്‍ ഹിസ്‍ സ്കൂളില്‍ യുപി വിദ്യാര്‍ത്ഥികളെ  സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഉപദ്രവിച്ച സംഭവത്തെ റാഗിങ് എന്ന് പറയരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോട്ടൺ ഹിൽ സ്കൂൾ നല്ല രീതിയിൽ പ്രവർത്തിക്കുന്ന  പ്രശസ്തമായ സ്കൂളാണ്. റാഗിങ് എന്ന പദപ്രയോഗം ഉപയോഗിക്കുന്നത് ശരിയല്ലെന്നാണ് മന്ത്രി പറഞ്ഞത്. 

ഉത്തമ ബോധ്യമില്ലാത്ത കാര്യങ്ങൾ പറയരുത്. സംഭവത്തില്‍ ഡിഡിയുടെ റിപ്പോർട്ട് കിട്ടിയിട്ടില്ല. ഹെഡ്മാസ്റ്റർക്ക് എതിരായ പരാതികൾ ശ്രദ്ധയിൽ പെട്ടിട്ടില്ല. പ്രധാന അധ്യാപകനെതിരെ ഉയർന്ന പരാതികൾ പരിശോധിച്ച് ആവശ്യമെങ്കിൽ നടപടി എടുക്കും. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് എടുക്കില്ല എന്നും മന്ത്രി പറ‌ഞ്ഞു. 

സ്കൂളിലെ വിദ്യാർത്ഥികൾ ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സിസിടിവികൾ സ്ഥാപിക്കണമെന്നും അധ്യാപകരുടെ പരിശോധനകൾ നിർബന്ധമാക്കണമെന്നും റിപ്പോർട്ടിലുണ്ട്. സ്കൂളിലെ വിഷയം സംബന്ധിച്ച്   ഓൺലൈനിൽ പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിൽ ദുരുദ്ദേശമുണ്ടെന്ന് സംശയിക്കുന്നതായും ഇതേക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. 

click me!