
തിരുവനന്തപുരം: ആദിവാസി വിഭാഗത്തിൽപെട്ട ദ്രൗപദി മുർമ്മു രാജ്യത്തിന്റെ പരമോന്നത പദവിയിൽ അവരോധിക്കപ്പെടുമ്പോൾ കേരളത്തിൽ നിന്ന് അതേ വിഭാഗത്തിൽപ്പെട്ട മധുവിന്റെ ആൾക്കൂട്ട കൊലപാതകത്തിൽ നീതി നിഷേധിക്കപ്പെടുകയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. നുറ്റാണ്ടുകളായി വർണ്ണ - വംശവെറിയുടെ പേരിൽ അകറ്റി നിർത്തിയിരുന്ന വിഭാഗത്തെ മുഖ്യധാരയിലേക്കു കൊണ്ടുവരാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്.
എന്നാല്‍, കേരളം ഒരു കളങ്കമായി മാറുകയാണ്. അട്ടപ്പാടിയിലെ നഞ്ചിയമ്മ എന്ന കലാകാരി രാജ്യത്തെ മികച്ച ചലച്ചിത്ര ഗായികയായി തെരഞ്ഞെടുക്കപ്പെട്ട വാർത്ത കേട്ട ദിവസം തന്നെ അതേ ഊരിലെ മധുവിന്റെ കൊലക്കേസ് സാക്ഷികൾ കൂട്ടമായി കൂറുമാറുന്ന വാർത്തയും പുറത്തു വന്നു. ഇതിൽ സർക്കാർ ഉദ്യോഗസ്ഥരുമുണ്ടെന്നതാണ് ഞെട്ടിക്കുന്ന കാര്യം. പരിഷ്കൃതരെന്ന് സ്വയം അവകാശപ്പെടുന്ന കേരളത്തിന് ഇത് നാണക്കേടാണ്. ആൾക്കൂട്ട കൊലപാതകത്തിൽ ആദിവാസി യുവാവിന് ജീവഹാനി ഉണ്ടായത് തന്നെ ലജ്ജാകരമാണ്.
അട്ടപ്പാടി മധു കേസ്; താത്കാലിക വാച്ചർമാരെ പിരിച്ചുവിട്ടത് മൊഴി മാറ്റിയതിനാലെന്ന് റേഞ്ച് ഓഫീസർ
ആ കേസിൽ സാക്ഷികൾ നൽകിയ രഹസ്യമൊഴി പോലും തിരുത്താൻ മടിയില്ലാത്ത സാമൂഹികാന്തരീക്ഷം ഇവിടെ ഉണ്ടെന്നത് അതിനേക്കാൾ ഭയാനകമാണ്. ശിശു മരണങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങൾ എത്താത്തതിന്റെയും പേരിലാണ് ഇന്നും അട്ടപ്പാടിയിലെ ആദിവാസി ഊരുകൾ അറിയപ്പെടുന്നത് എന്ന് ഓർക്കണം. ആദിവാസികളോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയാണ് ഇതിന് കാരണം. അവഗണിക്കപ്പെട്ട അതിദരിദ്രരെ കൈ പിടിച്ച് ഉയർത്താൻ കേന്ദ്ര സർക്കാർ ക്രിയാന്മകമായി പ്രവർത്തിക്കുമ്പോൾ, കേരളം മറിച്ചാവാൻ പാടില്ല.
ആദിവാസി വനിത രാഷ്ട്രപതിയായി അധികാരമേൽക്കുമ്പോൾ, കേരളത്തിലുള്ള ആദിവാസികളുടെ ആത്മവിശ്വാസമുയരാൻ തക്ക നടപടി ഉണ്ടായേ തീരൂ. ആ ഉത്തരവാദിത്തം പിണറായി സർക്കാർ മറക്കരുതെന്നും കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, അട്ടപ്പാടി മധു വധക്കേസിൽ രണ്ട് ജീവനക്കാരെ വനം വകുപ്പ് പിരിച്ചുവിട്ടിരുന്നു. വനം വകുപ്പ് വാച്ചർമാരെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. രഹസ്യമൊഴി തിരുത്തിയതിനാണ് നടപടി.
പന്ത്രണ്ടാം സാക്ഷി അനിൽകുമാർ, പതിനാറാം സാക്ഷി അബ്ദുൽ റസാഖ് എന്നിവർക്കെതിരെയാണ് വനം വകുപ്പ് അട്ടപ്പാടി റേഞ്ച് ഓഫീസർ സി ഉമേഷ് നടപടിയെടുത്തത്. കേസിന്റെ സാക്ഷി പട്ടികയിൽ ഇനിയും വനം വാച്ചർമാരുണ്ട്. ഇവർക്കുള്ള പരോക്ഷ താക്കീത് എന്ന നിലയ്ക്ക് കൂടിയാണ് മൊഴി മാറ്റിയവർക്കെതിരെ നടപടി എടുത്തത്. താത്കാലിക വാച്ചർമാരെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. സർക്കാർ ശമ്പളം വാങ്ങി പ്രോസിക്യൂഷന് അനുകൂലമായി നൽകിയ രഹസ്യമൊഴി തിരുത്തിയതിനാണ് നടപടി.
അട്ടപ്പാടി മധു കേസ്: കൂറുമാറ്റം തുടരുന്നു, പതിനാറാം സാക്ഷിയും മൊഴി മാറ്റി
പ്രതികൾ സാക്ഷി പട്ടികയിൽ അവശേഷിക്കുന്ന വാച്ചർമാരെ സ്വാധീനിക്കാനുള്ള ശ്രമം കൂടി മുന്നിൽ കണ്ടാണ് നടപടി. കേസില്‍ നേരത്തെ കൂറുമാറിയ, പന്ത്രണ്ടാം സാക്ഷിയായ മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ താത്കാലിക വാച്ചറായ അനിൽ കുമാറിനെ കഴിഞ്ഞ ദിവസം വനം വകുപ്പ് പിരിച്ച് വിട്ടിരുന്നു. വിസ്താരത്തിനിടെ മൊഴി മാറ്റിയതിനെ തുടർന്നായിരുന്നു പിരിച്ചുവിടൽ. മധുവിനെ അറിയില്ലെന്നാണ് അനിൽ കുമാര്‍ കഴിഞ്ഞ ദിവസം കോടതില്‍ പറഞ്ഞത്. പൊലീസിന്‍റെ നിർബന്ധം പ്രകാരമാണ് നേരത്തെ രഹസ്യമൊഴി നൽകിയതെന്നും അനിൽ കുമാര്‍ വ്യക്തമാക്കിയിരുന്നു. 10,11,14,15 സാക്ഷികളും നേരത്തെ കൂറുമാറിയിരുന്നു. അനിൽ കുമാർ മൊഴി മാറ്റിയതിന് പിരിച്ചു വിടപ്പെട്ടിട്ടും അബ്‍ദുള്‍ റസാഖ് മൊഴി മാറ്റിയത് വനം വകുപ്പിന് തിരിച്ചടിയായി.