'ന്യൂനപക്ഷ വോട്ട് തിരിച്ചുപിടിക്കണം',ബിജെപിയെയും സിപിഎമ്മിനെയും ഒരുപോലെ എതിര്‍ക്കാനും ചിന്തന്‍ ശിബിരില്‍ ധാരണ

By Web TeamFirst Published Jul 23, 2022, 10:22 PM IST
Highlights

എഐസിസി നിര്‍ദ്ദേശിച്ച സമയക്രമത്തിനുള്ളില്‍ പുനസംഘടന നടക്കണമെന്നും ചിന്തന്‍ ശിബിരില്‍ ഒറ്റക്കെട്ടായി ആവശ്യമുയര്‍ന്നു. 

കോഴിക്കോട്: നഷ്ടമായ ന്യൂനപക്ഷ വോട്ടുകൾ തിരികെ പിടിക്കാൻ കോഴിക്കോട് നടക്കുന്ന കോൺഗ്രസ്‌ ചിന്തൻ ശിബിരിൽ ആഹ്വാനം. സാമുദായിക സംഘടനകളുമായി അടുപ്പം തുടരണം. പക്ഷേ അടിമത്തം പാടില്ല. എഐസിസി നിർദേശിച്ച സമയത്തിനുള്ളിൽ പുനസംഘടന പൂർത്തിയാക്കണമെന്നും ചർച്ചകളിൽ അഭിപ്രായം ഉയർന്നു. ബിജെപിയെയും സിപിഎമ്മിനെയും ഒരുപോലെ എതിർക്കാനും ധാരണയായി. ലോക്സഭ തെരഞ്ഞെടുപ്പ് മുമ്പിൽ ഉണ്ടെന്നു കരുതി ആക്രമണം ബിജെപിയിൽ മാത്രം കേന്ദ്രീകരിക്കരുതെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. കെഎസ്‍യു, യൂത്ത് കോൺഗ്രസ്‌ പുനസംഘടന വൈകുന്നത് പാർട്ടിയെ നിർജീവമാക്കുമെന്നും അഭിപ്രായം ഉയർന്നു.

സംഘടനാ സംവിധാനം ശക്തമാക്കുക, ലോക്സഭാ തെരഞ്ഞെടുപ്പിനുളള കര്‍മ പദ്ധതി തയ്യാറാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് രണ്ട് ദിവസത്തെ ചിന്തന്‍ ശിബിര്‍ കോഴിക്കോട് തുടങ്ങിയത്. കെപിസിസി, ഡിസിസി ഭാരവാഹികള്‍ക്ക് പുറമേ പോഷക സംഘടനാ ഭാരവാഹികളടക്കം  200 ഓളം പ്രതിനിധികളാണ് കോഴിക്കോട് ബീച്ചിന് സമീപമുള്ള ആസ്പിന്‍കോര്‍ട്ട് യാര്‍ഡില്‍ നടക്കുന്ന ചിന്തിന്‍ ശിബിരത്തില്‍ പങ്കെടുക്കുന്നത്. രാഷ്ട്രീയം, സാമ്പത്തികം, സംഘടനാകാര്യം തുടങ്ങി 5 വിഷയങ്ങളില്‍ 5 ടീമായാണ് ചര്‍ച്ച.

ആദ്യദിനം നടന്ന ചര്‍ച്ചയില്‍ നിലവിലെ നേതൃത്വത്തിന്‍റെ ശൈലിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. നേതാക്കള്‍ ആദര്‍ശം പ്രസംഗിക്കുകയും കയ്യടി വാങ്ങുകയും ചെയ്യുന്നു. എന്നാല്‍ താഴെത്തട്ടില്‍ സംഘടന ശക്തമാക്കാനാണ് നടപടി വേണ്ടത്. ബിജെപിയാണോ സിപിഎമ്മാണോ മുഖ്യ ശത്രുവെന്ന കാര്യത്തില്‍ ആശയക്കുഴപ്പം മാറ്റണമെന്നും പ്രതിനിധികള്‍  ആവശ്യപ്പെട്ടു.അതേസമയം, മുന്‍ കെപിസിസി അധ്യക്ഷന്‍മാരായ വി എം സുധീരന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ ചിന്തിന്‍ ശിബിരില്‍ പങ്കെടുക്കാനാകില്ലെന്ന് കെ മുരളീധരനും അറിയിച്ചു. എന്നാല്‍ ചെയ്യാനുളളതെല്ലാം ചെയ്തെന്നും കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു കെ. സുധാകരന്‍റെ പ്രതികരണം. 

Read Also : തിരിച്ചു വരവിന് വഴി തേടി കോണ്‍ഗ്രസ്, ചിന്തൻ ശിബിരിന് കോഴിക്കോട് തുടക്കം, മുല്ലപ്പള്ളിയും സുധീരനുമില്ല

click me!