
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ വാജ്യ ലോട്ടറി ടിക്കറ്റ് ഹാജരാക്കി സമ്മാനത്തുക തട്ടാൻ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. സമ്മാനാർഹമായ ലോട്ടറിയുടെ ടിക്കറ്റിന്‍റെ കളർ പ്രിന്റ് ഹാജരാക്കിയായിരുന്നു തട്ടിപ്പ് ശ്രമം. മലപ്പുറം മങ്കട സ്വദേശി സജിൻ (38), കണ്ണൂർ ചെറുപുഴ സ്വദേശി നിഖിൽ (40) എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് വ്യാജ ലോട്ടറി ടിക്കറ്റുകളും പിടിച്ചെടുത്തു
വൈകീട്ട് മൂന്ന് മണിയോടെ ആറ്റിങ്ങൽ കച്ചേരി ജംങ്ഷനിലായിരുന്നു സംഭവം. 5,000 രൂപ സമ്മാനം അടിച്ച വിൻവിൻ ലോട്ടറി ടിക്കറ്റുകൾ ഹാജരാക്കി പണം തട്ടാനായിരുന്നു ലോട്ടറി ഏജൻസിയിലെത്തിയ പ്രതികളുടെ ശ്രമം. സമ്മാനം കിട്ടിയ സീരീസിലെ 12 വ്യാജ ലോട്ടറി ടിക്കറ്റാണ് പ്രതികൾ ഹാജരാക്കിയത്. സംശയം തോന്നിയ ഏജൻസി ജീവനക്കാരൻ പരിശോധിച്ചപ്പോഴാണ് കളര്‍ പ്രിന്‍റ് ചെയ്ത വ്യാജ ടിക്കറ്റാണെന്ന് മനസിലായത്. കൂട്ടുപ്രതിയുടെ കൈവശവും സമ്മാനം അടിച്ച 12 ലോട്ടറികളുണ്ടെന്ന് കണ്ടെത്തി. ഉടൻ ഏജൻസി ജീവനക്കാരൻ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി പ്രതികളെ പിടികൂടി.
Also Read: വിവാഹ പാർട്ടിയിൽ രസഗുള കഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; 50കാരനെ ഇരുമ്പ് വടികൊണ്ട് തല്ലിക്കൊന്നു
വ്യാജരേഖകൾ ചമച്ചതിനും വഞ്ചനാക്കുറ്റത്തിനും പൊലീസ് കേസെടുത്തു. തട്ടിപ്പ് സംഘത്തിൽ രണ്ട് പേര്‍ കൂടിയുണ്ടെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളെത്തി പണം തട്ടുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം ജില്ലയിലെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam